ഡബ്ലിൻ: വേനൽ അവധിക്കാല യാത്രകൾക്ക് മുൻപായി എല്ലാവരും പാസ്പോർട്ടുകളുടെ കാലാവധി പരിശോധിക്കണമെന്ന് വിദേശകാര്യവകുപ്പ്. വിമാനയാത്രകൾക്ക് തടസ്സം നേരിടാതിരിക്കാനാണ് വകുപ്പിന്റെ നിർദ്ദേശം. ഈ വർഷം ആദ്യപകുതിയിൽ തന്നെ അര ദശലക്ഷത്തിലധികം പാസ്പോർട്ടുകളാണ് വിതരണം ചെയ്തതെന്നും വകുപ്പ് അറിയിച്ചു.
അയർലൻഡിൽ 3,67,471 പേർക്ക് പാസ്പോർട്ടുകൾ നൽകി. വടക്കൻ അയർലൻഡിലെ ആറ് കൗണ്ടികളിലായി 50,000 ലധികം പാസ്പോർട്ടുകൾ വിതരണം ചെയ്തു. 17,986 എണ്ണം ആൻട്രിമിലാണ് വിതരണം ചെയ്തത്. വടക്കൻ അയർലൻഡിലെ മറ്റിടങ്ങളിൽ 13,004, ഡെറിയിൽ 8,019, ടൈറോണിൽ 5,769, അർമാഗിൽ 5,021, ഫെർമനാഗിൽ 1,935 എന്നിങ്ങനെയാണ് പാസ്പോർട്ടുകൾ നൽകിയിട്ടുള്ളത്. ജനുവരി മുതൽ ജൂൺവരെ ഏറ്റവും കൂടുതൽ പാസ്പോർട്ടുകൾ വിതരണം ചെയ്തത് ഡബ്ലിനിലാണ്.

