വാട്ടർഫോർഡ്: അയർലൻഡിൽ ഇ-ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യം. അടുത്തിടെ ഇ- സ്കൂട്ടർ അപകടത്തിൽ മരിച്ച 18 കാരന്റെ മാതാവാണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബാലിബെഗ് സ്വദേശി സമ്മി ഹൻറാഹൻ ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഇ-ബൈക്ക് അപകടത്തിൽപ്പെട്ട് സമ്മി മരിച്ചത്. അപകടത്തിൽ സമ്മിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇ- ബൈക്കുകൾക്ക് വലിയ വേഗതയാണ് ഉള്ളത് എന്ന് സമ്മിയുടെ മാതാവ് ജെയ്ൻ ബ്രൗൺ പറഞ്ഞു. അതേസമയം ഇൻഷൂറൻസും ഇല്ല. ഇത് വാഹനം ഓടിക്കുന്നവരെയും റോഡിലൂടെ യാത്ര ചെയ്യുന്നവരെയും അപകടത്തിലാഴ്ത്തുകയാണ്. ആരും ഇ-ബൈക്കുകൾ ഉപയോഗിക്കരുത്. ഇവ നിരോധിക്കണം എന്നും ബ്രൗൺ കൂട്ടിച്ചേർത്തു.

