ഡബ്ലിൻ: സമൂഹമാധ്യമ ഉപയോഗത്തിനും പരസ്യങ്ങൾക്കുമായി വൻ തുക ചിലവിട്ട് ഐറിഷ് ഡിഫൻസ് ഫോഴ്സ്. രണ്ട് മല്യൺ യൂറോയാണ് ഇതുവരെ ചിലവാക്കിയത്. വൈവിധ്യമാർന്ന പരസ്യങ്ങളിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും യുവ തലമുറയിൽ സൈനിക സേവനത്തിന് വേണ്ടിയുള്ള താത്പര്യം ഉണ്ടാക്കിയെടുക്കുകയാണ് സേനയുടെ ലക്ഷ്യം.
ഫേസ്ബുക്ക്, ടിക്ക് ടോക്ക്, ബിൽബോർഡുകൾ എന്നിവ വഴി ആളുകളിലേക്ക് എത്തുന്നതിനായി 1.91 മില്യൺ യൂറോയാണ് ചിലവഴിച്ചത് എന്ന് ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. വീഡിയോ ഗെയിമിലൂടെയും യുവ തലമുറയെ ആകർഷിക്കുന്നുണ്ട്. വിവിധ ക്യാംപെയ്നുകൾക്കും റിക്രൂട്ട്മെന്റിനുമായി 71,000 യൂറോ ചിലവഴിച്ചിട്ടുണ്ട്.
അതേസമയം സേനയുടെ പ്രവർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ വർഷം 13,000 പേരാണ് ഡിഫൻസ് ഫോഴ്സിൽ ചേരാൻ അപേക്ഷ നൽകിയത്. ഇതിൽ 11,191 പേർ പുരുഷന്മാരും, 1751 പേർ സ്ത്രീകളുമാണ്.

