ഡബ്ലിൻ: ഡൊണബേറ്റിൽ നിന്നും ലഭിച്ച ഡാനിയൽ അരൂബോസിന്റേത് എന്ന് സംശയിക്കുന്ന അസ്ഥികളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. സ്പെഷ്യലിസ്റ്റ് പീഡിയാട്രിക് പാത്തോളജിസ്റ്റിന്റെ സഹായത്തോടെ സ്റ്റേറ്റ് പത്തോളജിസ്റ്റ് ആണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഇന്നലെയോടെ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. അതേസമയം പോസ്റ്റ്മോർട്ടത്തിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അസ്ഥിഭാഗങ്ങൾ കുട്ടിയുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ. ഇന്നോ അടുത്ത ദിവസങ്ങളിലോ ഇത് ലഭിക്കും. അതേസമയം നാളെ ഡാനിയേലിന്റെ സ്മരണയ്ക്കായി ഡൊണബേറ്റിലെ ജനങ്ങൾ പ്രത്യേക പ്രാർത്ഥന നടത്തും.

