ഡബ്ലിൻ: ഡേവ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വാഹനയാത്രികർക്ക് മുന്നറിയിപ്പുമായി റോഡ് സുരക്ഷാ അതോറിറ്റി. റോഡുകളിലൂടെ വാഹനം ഓടിയ്ക്കുമ്പോൾ പ്രത്യേകം ജാഗ്രത വേണമെന്ന് ആർഎസ്എ അറിയിച്ചു. അടുത്ത രണ്ട് ദിവസമാണ് അയർലൻഡിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി മെറ്റ് ഐറാൻ അറിയിച്ചിരിക്കുന്നത്.
റോഡുകളിലൂടെ വളരെ വേഗത കുറച്ച് മാത്രമേ വാഹനം ഓടിക്കാവൂവെന്ന് റോഡ് സുരക്ഷാ അതോറിറ്റി നിർദ്ദേശിച്ചു. വാഹനങ്ങൾ തമ്മിൽ വലിയ അന്തരം ഉണ്ടാകണം. പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യങ്ങളിൽ അപകടം ഒഴിവാക്കാനാണ് ഇത്. ചരക്ക് വാഹനങ്ങൾക്ക് പിന്നിലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത വേണം. റോഡുകളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ മറ്റ് റൂട്ടുകൾ തിരഞ്ഞെടുക്കണം. വെള്ളത്തിലൂടെ വാഹനം ഓടിയ്ക്കാൻ ശ്രമിക്കരുത്. അത് അപകടത്തിന് കാരണമാകുമെന്നും ആർഎസ്എ കൂട്ടിച്ചേർത്തു.

