ഡബ്ലിൻ: സൈബർ അറ്റാക്കിനെ തുടർന്ന് തുടർച്ചയായ മൂന്നാം ദിവസവും ഡബ്ലിൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടു. ടെർമിനൽ രണ്ടിലെ സുരക്ഷാ പരിശോധനയും ബോർഡിംഗ് നടപടിക്രമങ്ങളുമാണ് അവതാളത്തിലായത്. നിലവിൽ യാത്രികർക്കുണ്ടാകുന്ന തടസ്സം നേരിടാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
പ്രശ്നങ്ങൾ നേരിടുന്നതിനാൽ എയർലൈനുകളുമായി അധികൃതർ അടിയ്ക്കടി ബന്ധപ്പെടുന്നുണ്ട്. നിലവിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഊർജ്ജിതമായ ശ്രമങ്ങളാണ് തുടരുന്നത്. തങ്ങളുടെ ചെക്ക് ഇൻ, ബോർഡിംഗ് നടപടി ക്രമങ്ങളാണ് തടസ്സം നേരിടുന്നത്.
ടെർമിനൽ 2 ൽ ബോർഡിംഗ് പാസ് നൽകുന്നതിനും ലഗ്ഗേജുകൾ പരിശോധിക്കുന്നതിനും മാനുവൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ പതിവിലധികം സമയം ഇതിനായി എടുക്കുന്നു. അതേസമയം ടെർമിനൽ 1 ന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്നും ഡബ്ലിൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു.

