ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ പക്ഷിപ്പനിയെ തുടർന്ന് അയർലൻഡിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. കോഴികളെയും മറ്റ് വളർത്തുപക്ഷികളെയും കൂട്ടിൽ തന്നെ അടച്ചിട്ട് വളർത്തണമെന്ന നിയന്ത്രണത്തിന് ഉൾപ്പെടെയാണ് ഇളവ് നൽകിയിരിക്കുന്നത്. പക്ഷിപ്പനി ബാധയുടെ ഭീതി ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ നീക്കുന്നത്.
അടുത്ത ചൊവ്വാഴ്ച മുതലാണ് നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രാബല്യത്തിൽവരുക. വടക്കൻ അയർലൻഡിന് പുറമേ റിപ്പബ്ലിക്കൻ അയർലൻഡിലും നിയന്ത്രണങ്ങളിൽ ഇളവുവരും. നവംബറിലാണ് പക്ഷിപ്പനി ബാധയെ തുടർന്ന് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചത്. നവംബറിൽ കാർലോ, മീത്ത് എന്നിവിടങ്ങളിലാണ് പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പുറമേ കൗണ്ടി മൊനാഘനിലും പക്ഷിപ്പനി ബാധ കണ്ടെത്തിയിരുന്നു.

