ഡബ്ലിൻ: ഭക്ഷ്യോത്പാദനം പുന:രാരംഭിച്ച് ബാലിമാഗ്വെയർ ഫുഡ്സ്. ഒരാഴ്ചയ്ക്ക് ശേഷമാണ് നിർമ്മാതാക്കൾ വീണ്ടും ഫാക്ടറിയിൽ ഉത്പാദനം ആരംഭിച്ചത്. ബാലിമാഗ്വെയർ ഫുഡ്സിന്റെ ഉത്പന്നങ്ങളിൽ ലിസ്റ്റീരിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണം ഇതുവരെ നിർത്തിവച്ചിരിക്കുകയായിരുന്നു.
കമ്പനിയുടെ റെഡി മീൽസിൽ ആയിരുന്നു ആദ്യം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതേ തുടർന്ന് വിപണിയിൽ നിന്നും റെഡി മീൽസ് ഉത്പന്നങ്ങൾ മുഴുവൻ തിരിച്ചുവിളിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ മറ്റ് ഉത്പന്നങ്ങളിലും ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. ബാലിമാഗ്വയർ ഫുഡ്സ് നിർമ്മിച്ച് ടെസ്കോ, സൂപ്പർവാലു, സെൻട്ര, ആൽഡി, ദി ഹാപ്പി പിയർ എന്നിവിടങ്ങളിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ആയിരുന്നു ബാക്ടീരിയ സാന്നിദ്ധ്യം.
ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവിന്റെ (എച്ച്എസ്ഇ)നാഷണൽ എൻവയോൺമെന്റൽ ഹെൽത്ത് സർവീസിൽ നിന്നും കഴിഞ്ഞ ദിവസം കമ്പനിയ്ക്ക് അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ്ഉത്പാദനം വീണ്ടും ആരംഭിക്കുന്നത്. ചൊവ്വാഴ്ച മുതൽ ഉൽപ്പന്നങ്ങൾ വീണ്ടും വിപണിയിൽ ലഭ്യമാകും.

