ഡബ്ലിൻ: ഫാർമസ്യൂട്ടിക്കൽ ഇറക്കുമതിയ്ക്ക് 15 ശതമാനം താരിഫ് നിശ്ചയിച്ചുകൊണ്ടുള്ള യുഎസ്- ഇയു കരാറിൽ ധാരണ. സംയുക്ത പ്രസ്താവനയിലൂടെയാണ് അമേരിക്കയും യൂറോപ്യൻ യൂണിയനും ഇക്കാര്യം അറിയിച്ചത്. അയർലൻഡിനെ സംബന്ധിച്ച് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ കരാർ.
മാസങ്ങൾ നീണ്ട അനിശ്ചിതത്വമാണ് കരാറിൽ ധാരണയായതോടെ അവസാനിച്ചിരിക്കുന്നത്. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഏതാനും മാസങ്ങളായി കരാർ സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ 250 ശതമാനം വരെ നികുതി ചുമത്തുമെന്ന് ആയിരുന്നു നേരത്തെ ട്രംപിന്റെ പരാമർശം. ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്ക് പുറമേ കാറുകൾ, സെമികണ്ടക്ടർ, ലംബർ എന്നിവയ്ക്കും 15 ശതമാനമായിരിക്കും താരിഫ്.
യുഎസ്- ഇയു വ്യാപാര കരാറിനെ പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും സ്വാഗതം ചെയ്തിട്ടുണ്ട്.

