കൊച്ചി : കിഴക്കമ്പലം പര്യത്തുകാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി അന്തിമമമെന്ന് ഹൈക്കോടതി . സുപ്രീംകോടതി വിധിപ്രകാരം താമസക്കാരെ അവിടെ നിന്ന് കുടിയൊഴിപ്പിച്ചേ തീരൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. വിധി നടപ്പാക്കാൻ രണ്ടാഴ്ച്ചത്തെ സമയവും അനുവദിച്ചു .സംസ്ഥാനത്ത് യുഡി എഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ നടന്ന കുടിയൊഴിപ്പിക്കൽ ശ്രമം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
രണ്ടാഴ്ച്ച സമയത്തിനിടെ താമസക്കാരുമായി സംസാരിച്ച് തീരുമാനത്തിലെത്താനും, പുനക്രമീകരണം ഒരുക്കാനും സർക്കാരിന് സാധിക്കും . പ്രശ്നപരിഹാരങ്ങൾക്ക് മന്ത്രി റോജി എം ജോണിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒഴിപ്പിക്കൽ സംബന്ധിച്ച് കോടതിയെ അറിയിക്കാനുള്ള കാര്യങ്ങൾ സർക്കാർ അറിയിക്കുമെന്ന് റോജി ജോൺ പറഞ്ഞിരുന്നു. കോടതി വിധി അനുകൂലമല്ലെങ്കിൽ മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം താമസക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പര്യത്ത് കാവ് സന്ദർശിക്കും .
കഴിഞ്ഞ പത്ത് വർഷമായി പരിയത്ത്കാവിൽ താമസിക്കുന്ന ദളിത് കുടുംബങ്ങളെ ഒഴിപ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത് . സുപ്രീം കോടതി ഉത്തരവ് പ്രകാരം കുടുംബങ്ങളെ ഒഴിപ്പിക്കാൻ നടത്തിയ ശ്രമം വൻ പ്രതിഷേധത്തിൽ അവസാനിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള 15-ാമത്തെ ശ്രമമാണിത്. കോടതി ഉത്തരവിന്റെ മറവിൽ കോളനി നിവാസികളെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാനുള്ള പോലീസിന്റെ നീക്കങ്ങൾക്കെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധമുണ്ട്.
കോളനി നിവാസികൾക്ക് ഭൂമിയും വീടും നൽകുന്നത് വരെ സമരം തുടരാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട് . പോലീസിന്റെ ബലപ്രയോഗത്തെ കോളനി നിവാസികൾ എതിർത്തതിനെ തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് ഒഴിപ്പിക്കൽ നടപടികൾ നിർത്തിവച്ചു

