ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അജ്ഞാത രോഗം ബാധിച്ച് അഞ്ച് ആഴ്ചകൾക്കുള്ളിൽ മരിച്ചത് 50 ലധികം പേർ. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ഫെബ്രുവരി 16 വരെ ഇക്വേറ്റർ പ്രവിശ്യയിലെ വിദൂര ഗ്രാമങ്ങളിലായി 431 കേസുകളും 53 മരണങ്ങളും ഉണ്ടായി.
പനി, ഛർദ്ദി, ആന്തരിക രക്തസ്രാവം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. മിക്ക രോഗികളും രോഗം സ്ഥിരീകരിച്ച് 48 മണിക്കൂറിനുള്ളിൽ മരിക്കുന്നു. ഇത് ആരോഗ്യ വിദഗ്ധരെ ഏറെ ആശങ്കാകുലരാക്കുന്നു . ലക്ഷണങ്ങൾക്കും മരണത്തിനും ഇടയിലുള്ള ചെറിയ ഇടവേള ആശങ്കാജനകമാണെന്ന് ബികോറോ ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ സെർജ് എൻഗലെബാറ്റോ അഭിപ്രായപ്പെട്ടു.
“ദിവസങ്ങൾക്കുള്ളിൽ കേസുകൾ അതിവേഗം ഉയരാൻ ഇടയാക്കിയ പകർച്ചവ്യാധികൾ പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുന്നു. കൃത്യമായ കാരണം അജ്ഞാതമായി തുടരുന്നു,” ലോകാരോഗ്യ സംഘടനയുടെ വക്താവ് പറഞ്ഞു. പകർച്ചവ്യാധികളെക്കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷിക്കുന്നുണ്ട്, എന്നാൽ പരിമിതമായ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ വെല്ലുവിളികൾ വർദ്ധിപ്പിക്കുകയാണ്.