ഡബ്ലിൻ: അയർലന്റിലെ കാലാവസ്ഥാ മാറ്റത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. ചൂടുള്ള കാലാവസ്ഥയിൽ അയർലന്റിൽ ഡയേറിയയും ഉദരസംബന്ധമായ മറ്റ് രോഗങ്ങളും പടർന്ന് പിടിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അതിനാൽ ജാഗ്രത വേണമെന്നും ഇവർ അറിയിക്കുന്നു.
2018 ൽ ആയിരുന്നു ഇതിന് മുൻപ് സമാനമായ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെട്ടത്. അന്ന് ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് 169 പേരാണ് പതിവിലധികമായി ചികിത്സ തേടിയത്. ഭക്ഷണത്തിലൂടെയാണ് ഭൂരിഭാഗം പേർക്കും രോഗം ബാധിച്ചത് എന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
ചൂടുള്ള കാലാവസ്ഥ ഭക്ഷണങ്ങളിൽ ബാക്ടീരിയകൾക്ക് വളരാൻ അനുകൂലമാണ്. മാംസാഹാരം ദീർഘനേരം പാകം ചെയ്യാതെ വയ്ക്കുന്നതും, പാകം ചെയ്ത മാംസാഹാരം ദീർഘനേരം സൂക്ഷിക്കുന്നതും ബാക്ടീരിയകൾ വളരാൻ കാരണം ആകുന്നു. മഴ കഴിഞ്ഞുള്ള ചൂടുള്ള കാലാവസ്ഥ രോഗാണുക്കൾക്ക് ഏറെ അനുകൂലമാണ്.

