ന്യൂയോർക്ക്: ആദ്യന്തം ഏകപക്ഷീയമായ ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫിഫ ലോക കിരീടം സ്വന്തമാക്കി സ്പെയിൻ. ആദ്യ രണ്ട് പകുതികളും ഗോൾ രഹിതമായി തുടർന്നതോടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് ആണ് വിജയഗോൾ നേടിയത്. പുറത്തേക്ക് പോയ പന്തിനെ ഓടിയെടുത്ത് നിക്കോ വില്യംസ് നൽകിയ ബാക്ക് പാസ് ടോറസ് വലയിലെത്തിക്കുകയായിരുന്നു.
2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിന് ശേഷം കിരീടത്തിനായുള്ള സ്പെയിനിന്റെ പതിനാറ് വർഷത്തെ കാത്തിരിപ്പിനാണ് ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ അറുതിയായത്. സ്പെയിനിന്റെ രണ്ടാം ലോക കിരീട നേട്ടമാണിത്.
മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ സ്പെയിൻ, അരജ്ന്റീനയെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കിയാണ് കിരീടം പിടിച്ചെടുത്തത്. ഇഞ്ചുറി ടൈമിൽ ദൗർഭാഗ്യകരമായ രണ്ടാം മഞ്ഞക്കാർഡിലൂടെ എൻസോ ഫെർണാണ്ടസ് പുറത്തായതോടെ 10 പേരായി ചുരുങ്ങേണ്ടി വന്നത് അർജന്റീനക്ക് വിനയായി. മെസിയെ കൃത്യമായി പൂട്ടിയ സ്പാനിഷ് ഡിഫൻഡർമാർ, അദ്ദേഹത്തിലേക്ക് പന്ത് എത്തുന്നത് തടയുന്നതിൽ വിജയിച്ചു. മറുവശത്ത് മുൻ മത്സരങ്ങളിൽ നിന്നും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചുവെങ്കിലും, അർജന്റൈൻ പ്രതിരോധ നിരയുടെ പാളിച്ചകൾ പലപ്പോഴും തുറന്നുകാട്ടാനും സ്പെയിനിന് സാധിച്ചു.
ഡിഫൻസിന്റെ വീഴ്ചകളെ ക്ലാസിക്ക് പ്രകടനം കൊണ്ട് മറികടന്ന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ ഉജ്ജ്വലമായ സേവുകളാണ് ഒരു പരിധിവരെ അർജന്റീനക്ക് മത്സരത്തിൽ ഗ്രിപ്പ് നൽകിയത്. ഒന്നാം പകുതിയിൽ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസിന് മഞ്ഞക്കാർഡ് ലഭിച്ചതും, പിന്നാലെ അദ്ദേഹം പരിക്കേറ്റ് മടങ്ങിയതും അർജന്റീനക്ക് തിരിച്ചടിയായി. ഒന്നാം പകുതിയിലും രണ്ടാം പകുതിയുടെ അവസാന ഘട്ടം വരെയും അർജന്റൈൻ ഗോൾ മുഖത്ത് തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിടാൻ സ്പെയിനിന് സാധിച്ചു. രണ്ടാം പകുതി അവസാനിക്കാൻ ഏതാനും നിമിഷങ്ങൾ ബാക്കിയിരിക്കെ മാത്രമാണ് സ്പാനിഷ് ഗോൾ മുഖത്ത് അൽപ്പമെങ്കിലും ചലനം സൃഷ്ടിക്കാൻ അർജന്റീനക്ക് സാധിച്ചത്.
95-ാം മിനിറ്റിൽ നിക്കോ വില്യംസ് പന്ത് വലയിലെത്തിച്ചെങ്കിലും, മിക്കെൽ മെറീനോ, നിക്കോളാസ് ഒട്ടമെൻഡിയെ ഫൗൾ ചെയ്തെന്ന് വ്യക്തമായതോടെ സ്പെയിനിന് ഗോൾ നിഷേധിക്കപ്പെട്ടു. മത്സരത്തിലുടനീളം അക്ഷമനായി കാണപ്പെട്ട അർജന്റൈൻ കോച്ച് ലയണൽ സ്കലോണിക്ക് മഞ്ഞക്കാർഡ് ലഭിച്ചതും ശ്രദ്ധേയമായി. ഗോൾ പിറന്ന ശേഷം അർജന്റീന നടത്തിയ അവസാനവട്ട മിന്നലാക്രമണങ്ങൾ ദൗർഭാഗ്യം കൊണ്ട് വലയിലെത്താതെ പോയി. ഒടുവിൽ റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങിയതോടെ വിശ്വവിജയികളായ സ്പെയിൻ ആനന്ദനൃത്തം ചവിട്ടി.

