ന്യൂഡൽഹി: നവംബറിലെ ജി എസ് ടി വരുമാനത്തിൽ 8.5 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതായി ധനകാര്യ മന്ത്രാലയം. കഴിഞ്ഞ നവംബറിൽ 1.68 ലക്ഷം കോടിയായിരുന്ന ജി എസ് ടി വരുമാനം ഈ നവംബറിൽ 1.82 ലക്ഷം കോടിയായാണ് ഉയർന്നിരിക്കുന്നത്.
കേന്ദ്ര ജി എസ് ടി വരുമാനം 34,141 കോടി രൂപയും സംസ്ഥാന ജി എസ് ടി വരുമാനം 43,047 കോടി രൂപയും സംയുക്ത ജി എസ് ടി വരുമാനം 91,828 കോടി രൂപയും സെസ് 13,253 കോടി രൂപയുമാണ്.
നവംബറിൽ ആഭ്യന്തര ഉത്പാദനത്തിൽ നിന്നുമുള്ള ജി എസ് ടി 9.4 ശതമാനം ഉയർന്ന് 1.40 ലക്ഷം കോടിയിലും ഇറക്കുമതി തീരുവയിൽ നിന്നുമുള്ള വരുമാനം 6 ശതമാനം ഉയർന്ന് 42,591 കോടിയിലുമെത്തി.
അതേസമയം സംസ്ഥാനങ്ങൾക്കുള്ള വിഹിതം 19,259 കോടിയാണ് കഴിഞ്ഞ മാസം നൽകിയത്. കഴിഞ്ഞ വർഷം ഇതേ സമയത്തെ റീഫണ്ടിൽ നിന്നും 8.9 ശതമാനം കുറവാണ് ഇത്. മൊത്തം ജി എസ് ടി വരുമാനം 11 ശതമാനം ഉയർന്ന് 1.63 ലക്ഷം കോടിയിലെത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഒക്ടോബറിൽ ഗ്രോസ് ജി എസ് ടി വരുമാനം 9 ശതമാനം ഉയർന്ന് 1.87 ലക്ഷം കോടിയിൽ എത്തിയിരുന്നു. ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിലെ ജി എസ് ടി വരുമാനം 14.57 ലക്ഷം കോടി രൂപയാണെന്നും ധനകാര്യ മന്ത്രാലയം പുറത്തുവിട്ട രേഖയിൽ വിശദമാക്കുന്നു.