ലണ്ടൻ: സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ലൈംഗികവൈകൃതങ്ങൾക്ക് ഇരകളാക്കിയ 54 വയസ്സുകാരനായ ഈസ്റ്റ് ലണ്ടൻ ഇമാമിന് 20 വർഷത്തിൽ കുറയാത്ത ജീവപര്യന്തം തടവ് ശിക്ഷ. ഓൾഡ് ഫോർഡ് റോഡിലെ ഇസ്ലാമിക പണ്ഡിതനായ അബ്ദുൾ ഹലീം ഖാനെയാണ് സ്നെയേഴ്സ്ബ്രൂക് ക്രൗൺ കോടതി ശിക്ഷിച്ചത്. 2005 മുതൽ 2014 വരെയുള്ള കാലയളവിലായി നടന്ന ഏഴോളം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ചാർജ്ജ് ചെയ്ത 21 കേസുകളിലാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.
ദുഷ്ടശക്തികളെ അകറ്റാൻ എന്ന പേരിലായിരുന്നു ഖാൻ പീഡനങ്ങൾ നടത്തിയിരുന്നത്. തന്റെ ഇംഗിതങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ കുടുംബങ്ങളിൽ ദുർമന്ത്രവാദങ്ങളുടെ ഫലമായി രോഗങ്ങളും മരണങ്ങളും നടമാടുമെന്ന് ഇയാൾ ഇരകളെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
ഇമാമിന് ശരിക്കും ദിവ്യശക്തിയുണ്ടെന്ന് തനിക്ക് തോന്നിയിരുന്നതായി കുറ്റകൃത്യം നടക്കുന്ന സമയത്ത് 13 വയസ്സ് പ്രായമുണ്ടായിരുന്ന പെൺകുട്ടി കോടതിയിൽ മൊഴി നൽകി. അണ്ഡാശയ ക്യാൻസർ ഭേദമാക്കാൻ അടച്ചിട്ട മുറിയിൽ തനിക്കൊപ്പം കഴിയാൻ ഇമാം നിർബന്ധിക്കുകയായിരുന്നുവെന്ന് മറ്റൊരു സ്ത്രീയും മൊഴി നൽകിയതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഫ്ലാറ്റുകളിലും നിഗൂഢമായ കേന്ദ്രങ്ങളിലും വെച്ചാണ് ഇമാം കുറ്റകൃത്യങ്ങൾ നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പരിശുദ്ധമായ ഒരു പദവി ദുരുപയോഗം ചെയ്തുകൊണ്ട് ഇയാൾ സ്ത്രീകളെ തന്റെ ലൈംഗിക തൃപ്തിക്ക് വേണ്ടി ഉപയോഗിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി.
ഖാൻ ഒരു മനുഷ്യനല്ല, പിശാചിന്റെ പ്രതിരൂപമാണെന്ന് ഒരു സ്ത്രീ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മതവിശ്വാസത്തെ ആയുധമാക്കി ഖാൻ സ്ത്രീകളെ ചൂഷണം ചെയ്തുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
സാമുദായിക നേതാവ് എന്ന തരത്തിൽ ഉണ്ടായിരുന്ന സ്വീകാര്യത മറയാക്കി ഖാൻ ഇസ്ലാമിക വിശ്വാസത്തെ വ്യക്തിപരമായ ക്രിമിനൽ സംതൃപ്തിക്ക് വേണ്ടി ദുരുപയോഗം ചെയ്തു. ഇരകളെ നിശബ്ദരാക്കാനും അപമാനിക്കാനും ഭയപ്പെടുത്താനും ഉന്നത പദവികൾ എങ്ങനെ വക്രീകരിക്കാം എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അബ്ദുൾ ഹലീം ഖാനെന്ന് വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു.

