ലീഡ്സ്: ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ 471 റൺസിന് പുറത്തായി. ജയ്സ്വാളിനും ഗില്ലിനും പിന്നാലെ വൈസ് ക്യാപ്ടൻ ഋഷഭ് പന്തും നേടിയ സെഞ്ച്വറികളാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ, മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് എടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ ഒലീ പോപ് ആണ് ഇംഗ്ലീഷ് ഇന്നിംഗ്സിന്റെ നെടുംതൂൺ.
ആദ്യ ദിനം നിർത്തിയിടത്ത് നിന്നും ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇന്നിംഗ്സ് പുനരാരംഭിച്ചത്. ക്ലാസിക് ഷോട്ടുകളുമായി ഗില്ലും തനത് ആക്രമണവുമായി പന്തും കളം നിറഞ്ഞു. നാലാം വിക്കറ്റിൽ 209 റൺസ് കൂട്ടിച്ചേർത്ത ക്യാപ്ടൻ- വൈസ് ക്യാപ്ടൻ സഖ്യത്തെ പിരിച്ചത് സ്പിന്നർ ഷോയബ് ബഷീറാണ്. 147 റൺസ് എടുത്ത ഗില്ലിനെ ബഷീർ ജോഷ് ടംഗിന്റെ കൈകളിൽ എത്തിച്ചു. പിന്നാലെ 134 റൺസ് എടുത്ത പന്തിനെയും ടംഗ് മടക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവിൽ കരുൺ നായർ പൂജ്യത്തിന് പുറത്തായത് ഇന്ത്യക്ക് നിരാശ സമ്മാനിച്ചു. പിന്നാലെ വാലറ്റം അതിവേഗം കൂടാരം കയറിയതോടെ, 4ന് 430 എന്ന നിലയിൽ നിന്നും ഇന്ത്യൻ സ്കോർ 471ൽ അവസാനിച്ചു. 4 വിക്കറ്റുകൾ വീതം വീഴ്ത്തിയ ക്യാപ്ടൻ ബെൻ സ്റ്റോക്സും ജോഷ് ടംഗും ഇംഗ്ലീഷ് ബൗളിംഗ് നിരയിൽ തിളങ്ങി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്, 4 റൺസ് എടുത്ത സാക് ക്രോളിയെ പുറത്താക്കി ബൂമ്ര ആദ്യ പ്രഹരമേൽപ്പിച്ചു. ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ വിറപ്പിച്ച മാരക ബൗളിംഗുമായി ബൂമ്ര കളം നിറഞ്ഞുവെങ്കിലും മറ്റുള്ള ബൗളർമാർക്ക് ആർക്കും താളം കണ്ടെത്താൻ സാധിക്കാതെ വന്നതോടെ, ബെൻ ഡക്കറ്റും ഒലീ പോപ്പും ആക്രമിച്ച് കളിക്കാൻ തുടങ്ങി. 62 റൺസെടുത്ത ഡക്കറ്റിനെ ബൂമ്ര മടക്കി. അവസാന സെഷനിൽ അപകടകാരിയായ ജോ റൂട്ടിനെയും 28 റൺസിൽ ബൂമ്ര വീഴ്ത്തി. പിന്നാലെ വന്ന ഹാരി ബ്രൂക്കിനെ ബൂമ്ര സിറാജിന്റെ കൈകളിൽ എത്തിച്ചുവെങ്കിലും ആ പന്ത് നോ ബോൾ ആയത് തിരിച്ചടിയായി.
അക്ഷരാർത്ഥത്തിൽ പത്ത് ഫീൽഡർമാരും ബൂമ്രയും ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന പ്രതീതിയാണ് തല്ല് വാങ്ങി കൂട്ടിയ മറ്റ് ഇന്ത്യൻ ബൗളർമാർ സൃഷ്ടിച്ചത്. പ്രസീദ് കൃഷ്ണയും ശാർദൂൽ ഠാക്കൂറും തീർത്തും പരാജയമായി. സ്റ്റമ്പ് എടുക്കുമ്പോൾ, 100 റൺസുമായി പോപ്പും അക്കൗണ്ട് തുറക്കാതെ ബ്രൂക്കുമാണ് ക്രീസിൽ.

