ലീഡ്സ്: ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 6 റൺസിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 471 റൺസ് പിന്തുടർന്ന ആതിഥേയർ 465 റൺസിന് പുറത്തായി. തുടർന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം മഴ മൂലം നേരത്തെ കളി നിർത്തുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 90 റൺസെടുത്തിട്ടുണ്ട്. 47 റൺസുമായി കെ എൽ രാഹുലും 6 റൺസുമായി ക്യാപ്ടൻ ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.
നേരത്തേ 3 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 19 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ സെഞ്ച്വറി വീരൻ ഒലീ പോപ്പിന്റെ വിക്കറ്റ് നഷ്ടമായി. 106 റൺസെടുത്ത പോപ് പ്രസീദ് കൃഷ്ണയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പിന്നാലെ വന്ന ക്യാപ്ടൻ ബെൻ സ്റ്റോക്സ് 20 റൺസ് എടുത്ത് സിറാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എന്നാൽ ജേമി സ്മിത്തിനെ കൂട്ടുപിടിച്ച് ബ്രൂക്ക് ഇംഗ്ലീഷ് ഇന്നിംഗ്സിനെ മുന്നോട്ട് കൊണ്ടുപോയി. 40 റൺസെടുത്ത സ്മിത്തിനെ പ്രസീദ് കൃഷ്ണ പുറത്താക്കി. സെഞ്ച്വറിക്ക് ഒരു റൺസ് അകലെ ബ്രൂക്കിനെയും പ്രസീദ് കൃഷ്ണ വീഴ്ത്തി.
ഇംഗ്ലീഷ് വാലറ്റം പൊരുതാൻ മനസ്സ് കാണിച്ചപ്പോൾ അവർ ലീഡ് നേടും എന്ന തോന്നലുളവായി. എന്നാൽ 38 റൺസെടുത്ത ക്രിസ് വോക്ക്സിനെയും ടംഗിനെയും ബൂമ്ര ക്ലീൻ ബൗൾഡ് ആക്കി 5 വിക്കറ്റ് നേട്ടം പൂർത്തിയാക്കിയതോടെ, ലീഡ് ഇന്ത്യക്ക് സ്വന്തമായി. മുഹമ്മദ് സിറാജിനും 2 വിക്കറ്റ് കിട്ടി.
മറുപടി ബാറ്റിംഗിൽ 4 റൺസെടുത്ത ഓപ്പണർ ജയ്സ്വാളിനെ മനോഹരമായ ഒരു പന്തിൽ കാഴ്സ്, വിക്കറ്റ് കീപ്പർ സ്മിത്തിന്റെ കൈകളിൽ എത്തിച്ചു. 30 റൺസ് എടുത്ത സായ് സുദർശൻ പിടിച്ചു നിൽക്കാൻ ശ്രമിച്ചുവെങ്കിലും സ്റ്റോക്സിന് മുന്നിൽ വീണു. പിന്നീട് രാഹുലും ഗില്ലും കരുതലോടെ നിലയുറപ്പിച്ചതോടെ, മഴ ശക്തമാകുകയും അമ്പയർമാർ മത്സരം നിർത്തി വെക്കാൻ തീരുമാനിക്കുകയുമായിരുന്നു. നിലവിൽ ഇന്ത്യക്ക് 96 റൺസിന്റെ ലീഡ് ഉണ്ട്.

