ന്യൂഡൽഹി: ദുരന്തനിവാരണ അതോറിറ്റിയുടെ സെൽ ബ്രോഡ്കാസ്റ്റ് സേവനം നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സെൽ സംപ്രേക്ഷണം നടത്തില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ജൂൺ 12നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണിൽ അർദ്ധരാത്രി സന്ദേശം ലഭിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഉന്നത പദവി വഹിക്കുന്നവരുടെ ഫോണുകളിൽ ഇത്തരം സന്ദേശങ്ങൾ എത്തുന്നത് ഒഴിവാക്കുകയാണ് പതിവ് രീതി.
പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോൾ ഫോണിൽ അടിയന്തര അറിയിപ്പുകൾ നൽകാനാണ് സെൽ ബ്രോഡ്കാസ്റ്റ് നടപ്പാക്കിയത്. മൊബൈൽ ഫോൺ റീചാർജ് ചെയ്യുമ്പോൾ ലഭിക്കുന്ന അലർട്ട് ബോക്സിന് സമാനമായ സന്ദേശമാണ് സെൽ ബ്രോഡ്കാസ്റ്റ്. വലിയ ശബ്ദത്തോടെയാണ് ഫോണുകളിൽ മുന്നറിയിപ്പ് സന്ദേശം എത്തുന്നത്.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോമൺ അലർട്ടിങ് പ്രോട്ടോക്കോൾ പദ്ധതി നടപ്പാക്കിയത്. 2023 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെ രാജ്യവ്യാപകമായി നടപ്പാക്കി. ചുഴലിക്കാറ്റിൻ്റെയും കനത്ത മഴയുടെയും മുന്നറിയിപ്പുകൾ ഇതിലൂടെ ജനങ്ങൾക്ക് ലഭിച്ചിരുന്നു

