കോർക്ക്: രാജ്യത്ത് അപകടകാരികളായ കടന്നലുകളായ ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെ തേനീച്ച കർഷകർക്ക് മുന്നറിയിപ്പ്. കർഷകർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഐറിഷ് ബീകീപ്പേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യം സർക്കാർ സ്ഥിരീകരിച്ചത്.
ഏഷ്യൻ ഹോർനെറ്റുകളുടെ പ്രധാന ആഹാരം എന്നത് തേനീച്ചകളാണ്. അതുകൊണ്ട് തന്നെ കടന്നലുകളുടെ സാന്നിദ്ധ്യമുള്ള മേഖലകളിൽ തേനീച്ചകൾക്ക് നാശം സംഭവിക്കും. ഈ സാഹചര്യത്തിലാണ് അസോസിയേഷൻ മുന്നറിയിപ്പ് നൽകിയത്.
ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യം വലിയ ആശങ്ക ഉയർത്തുന്നുണ്ടെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഈ ജീവി ഒരു മാംസഭോജിയാണ്. ഇരപിടിയനും. യൂറോപ്പിൽ ഈ ജീവികൾ നാശം വിതച്ചു. അയർലൻഡിൽ രണ്ടാമത്തെ തവണയാണ് ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത്. 2021 ൽ ആയിരുന്നു ആദ്യ സംഭവം. ഏഷ്യൻ ഹോർനെറ്റിന്റെ കൂടുകൾ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടനെ ഫോട്ടോ എടുത്ത് റിപ്പോർട്ട് ചെയ്യണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

