തന്റെ ജീവിതത്തിൽ സന്തോഷം തിരികെ കൊണ്ടു വന്നതിൽ നടൻ വിജയ് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് നടനും സംവിധായകനുമായ നാസർ. കോമയിലായ മകൻ നൂറുൾ ഹസൻ ഫൈസൽ ജീവിതത്തിലേയ്ക്ക് മടങ്ങി വരാൻ കാരണമായത് വിജയുടെ പാട്ടുകളും, ചിത്രങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. നൂറുൾ ഹസൻ ഒരു വലിയ വിജയ് ഫാനാണെന്നും നാസർ വെളിപ്പെടുത്തി.
കൃത്യമായി നിർണയിക്കാനാകാത്ത കാരണങ്ങൾ കൊണ്ട് തന്റെ മകൻ 14 ദിവസം കോമയിലായി പോയതായി നാസർ പറഞ്ഞു. ‘ ഞങ്ങൾ അവനെ ചികിത്സിക്കാൻ സിംഗപ്പൂരിലേയ്ക്ക് കൊണ്ടു പോയി . ചികിത്സ കഴിഞ്ഞ് ആദ്യം ഉണർപ്പോൾ അവൻ വിളിച്ചത് അമ്മയെന്നോ അപ്പയെന്നോ ആയിരുന്നില്ല, വിജയ് എന്നായിരുന്നു. അവന് ആ പേരിൽ ഒരു സുഹൃത്തുണ്ട്.
അവന്റെ ഓർമ്മ മടക്കി കിട്ടിയതിൽ ഞങ്ങൾ ഒരുപാട് സന്തോഷിച്ചു. എന്നാൽ ആ സുഹൃത്തിനെ കണ്ടപ്പോൾ അവൻ തിരിച്ചറിയാനാകാതെ വെറുതെ കിടക്കുകയായിരുന്നു . അതോടെ തങ്ങളെല്ലാവരും ആശയക്കുഴപ്പത്തിലായെന്നും ‘ നാസർ പറഞ്ഞു.
‘ ഒടുവിൽ സൈക്കോളജിസ്റ്റ് കൂടിയായ ഭാര്യയ്ക്കാണ് അവൻ ഏത് വിജയെയാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായത് . ഞങ്ങൾ നടൻ വിജയുടെ ചിത്രം കാണിച്ചതോടെ അവന്റെ കണ്ണുകൾ വിടർന്നു . അതോടെ വിജയ് അഭിനയിച്ച ചിത്രങ്ങളും , പാട്ടുകളും അവനെ കാണിക്കാൻ ഞങ്ങൾ തീരുമാനിച്ചു . ഇക്കാര്യമറിഞ്ഞ വിജയ് അവനെ കാണാൻ താത്പര്യം പ്രകടിപ്പിച്ചു. കുഴപ്പമില്ലെന്ന് ഞങ്ങൾ പറഞ്ഞെങ്കിലും ഒന്നിൽക്കൂടുതൽ തവണ അവർ തമ്മിൽക്കണ്ടു, ഒപ്പം ചിലവഴിച്ചു.
ഗിറ്റാർ വായിക്കുമെന്ന് അറിയുമായിരുന്നതിനാൽ വിജയ് അവന് ഒരു യൂക്കലേലീ സമ്മാനമായി നൽകുകപോലും ചെയ്തു. അതുകൊണ്ട് വിജയ്ക്ക് എന്റെയും മകന്റെയും ജീവിതത്തിൽ വളരെ വലിയ സ്ഥാനമുണ്ട്.” നാസർ കൂട്ടിച്ചേർത്തു.