കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രത്തിന്റെ ചരിത്രം പ്രമേയമാക്കി സിനിമ വരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ അഭിലാഷ് പിള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ചിരകാല സ്വപ്നത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിശദീകരിച്ചത്.
“യാഗഭൂമിയിൽ വീണ ചോരയുടെ കണക്ക് ദക്ഷന്റെ തലയറുത്തു യാഗഭൂമിയിൽ തന്നെ തീർത്ത മഹാദേവന്റെ ഭൂതഗണങ്ങൾ കാവൽ നിൽക്കുന്ന കൊട്ടിയൂരിന്റെ ചരിത്രം വെള്ളിത്തിരയിൽ തെളിയും. എല്ലാം ഒത്തുവന്നാൽ എന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സ്വപനം അത് ഞാൻ നിങ്ങൾക്ക് മുന്നിൽ അധികം വൈകാതെ തന്നെ എത്തിക്കും.“ ഇതായിരുന്നു ഫേസ്ബുക്കിൽ അഭിലാഷ് പിള്ള കുറിച്ചത്.
പോസ്റ്റിനൊപ്പം കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രവും അഭിലാഷ് പിള്ള പങ്കുവെച്ചിട്ടുണ്ട്. മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണുശങ്കർ സംവിധാനം ചെയ്ത സുമതി വളവാണ് അഭിലാഷ് പിള്ളയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. നിലവിൽ അഭിലാഷ് പിള്ള രചിച്ച് എം മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

