ചുവപ്പ് കോട്ട പിടിച്ചെടുത്ത യുഡിഎഫിന്റെ ചരിത്രം പേറുന്ന മണ്ണാണ് കണ്ണൂർ ജില്ലയിലെ ഇരിക്കൂർ. ഒരു കാലത്ത് എൽഡിഎഫിന്റെ കരുത്തൻ കോട്ടയായിരുന്ന ഇരിക്കൂർ നിയമസഭാമണ്ഡലം 1977 ൽ യുഡിഎഫിന്റെ കൈകളിലായി. അന്ന് മുതൽ ഇന്നുവരെ യുഡിഎഫിന്റെ കൈകളിൽ ഭദ്രമാണ് ഇരിക്കൂർ നിയമസഭാമണ്ഡലം. കോൺഗ്രസിന്റെ സജീവ് ജോസഫ് ആണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
കേരളത്തിലെ നിയോജകമണ്ഡലങ്ങളിൽ 9ാം നമ്പർ മണ്ഡലമാണ് ഇരിക്കൂർ. 1957 ൽ നിലവിൽവന്നു. കണ്ണൂർ ലോക്സഭാമണ്ഡലത്തിൽ ഉൾപ്പെടുന്ന മണ്ഡലമാണ് ഇരിക്കൂർ. 2021 ലെ കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 1,94,966 വോട്ടർമാരാണ് ഉള്ളത്. 2008 ൽ പുനർനിർണയം നടന്ന മണ്ഡലം കൂടിയാണ് ഇരിക്കൂർ.
തളിപ്പറമ്പ് താലൂക്കിലെ ഇരിക്കൂർ, ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, പടിയൂർ- കല്യാട്, ശ്രീകണ്ഠാപുരം, മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ട മണ്ഡലമായിരുന്നു ഇരിക്കൂർ. എന്നാൽ 2008 ന് ശേഷം ഇരിക്കൂർ തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ , ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ശ്രീകണ്ഠാപുരം, ഇരിട്ടി താലൂക്കിലെ ഉളിക്കൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ട മണ്ഡലം ആയി .
1957 ൽ എൽഡിഎഫിന്റെ സിപിഐ സ്ഥാനാർത്ഥി ടി.സി നാരായണൻ നമ്പ്യാർ ആയിരുന്നു ഇവിടെ നിന്നും വിജയിച്ചത്. 1960 ലും അദ്ദേഹം മണ്ഡലത്തിൽ വിജയിച്ചു. 1965 ലും 1967 ലും നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി ഇ.പി.കെ നമ്പ്യാർ ആയിരുന്നു വിജയിച്ചത്. 1970 ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എ കുഞ്ഞിക്കണ്ണൻ വിജയം നേടി. 1973 ൽ കുഞ്ഞിക്കണ്ണന്റെ വിയോഗത്തെ തുടർന്ന് 1974 ൽ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. ഈ തിരഞ്ഞെടുപ്പിൽ ഇടതിന്റെ കരുത്തൻ ഇ.കെ നായനാർ ആയിരുന്നു വിജയിച്ചത്. 1977 വരെ അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു.
ഇ.കെ നായനാരിൽ നിന്നാണ് യുഡിഎഫ് ആദ്യമായി ഇരിക്കൂർ പിടിച്ചെടുക്കുന്നത്. 1977 ൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കോൺഗ്രസ് സ്ഥാനാർത്ഥി സി.പി ഗോവിന്ദൻ നമ്പ്യാർ മണ്ഡലം പിടിച്ചെടുത്തു. 1980 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളി വിജയിച്ചു. 1982 ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം യുഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച കെ.സി ജോസഫിന് വഴിമാറി. 1980 ലും അദ്ദേഹം മത്സരിച്ചെങ്കിലും പരാജയം ആയിരുന്നു ഫലം. 1982 ൽ വിജയിച്ച കെ.സി ജോസഫ് 2021 വരെയാണ് മണ്ഡലം എംഎൽഎയായി തുടർന്നത്.
സിറ്റിംഗ് എംഎൽഎയെ തന്നെ കളത്തിൽ ഇറക്കിയാണ് യുഡിഎഫിന്റെ ഭാഗ്യ പരീക്ഷണം. ഇരിക്കൂർ ഇടതിനൊപ്പമെന്ന മുദ്രാവാക്യം ഉയർത്തി മാത്യു കുന്നപ്പള്ളിയാണ് ജോസഫിനെ നേരിടാൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി കളത്തിലിറങ്ങിയിരിക്കുന്നത്. ഇക്കുറി ഇരിക്കൂറിൽ എൻഡിഎ അവസരം നൽകിയിരിക്കുന്നത് ട്വന്റി ട്വന്റിയ്ക്കാണ്. ശ്രീനാഥ് പത്മനാഭനാണ് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൻഡിഎ സ്ഥാനാർത്ഥി.

