കേരളത്തിൽ ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കോഴിക്കോട് ജില്ലയിലെ വടകര. ഇടതിന്റെ ശക്തികേന്ദ്രമായ മണ്ഡലങ്ങളിൽ ഒന്ന്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വനിതാ നേതാവിന്റെ കരുത്തിൽ മണ്ഡലം അതിന്റെ ചരിത്രം തിരുത്തി എഴുതി. മറ്റൊരു തിരഞ്ഞെടുപ്പിനെ കൂടി മണ്ഡലം അഭിമുഖീകരിക്കാനിരിക്കെ ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
1957 ലാണ് വടകര നിയമസഭാമണ്ഡലം നിലവിൽവന്നത്. എന്നാൽ പിന്നീട് 2008 ൽ മണ്ഡലം നിയമസഭാ പുനർനിർണയത്തിന് വിധേയം ആയി. 2008 വരെ വടകര നഗരസഭയും ചേറോട്, വില്ല്യാപ്പള്ളി, ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതായിരുന്നു വടകര നിയമസഭാമണ്ഡലം. എന്നാൽ പുനർനിർണയത്തോടെ വില്ല്യാപ്പള്ളി മണ്ഡലത്തിന്റെ ഭാഗമല്ലാതായി. വടകര നഗരസഭയും, ചോറോട്, ഒഞ്ചിയം, അഴിയൂർ, ഏറാമല എന്നീ ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് നിലവിലെ വടകര നിയമസഭാമണ്ഡലം. ജില്ലയുടെ വടക്ക് ഭാഗത്തായിട്ടാണ് വടകര നിയമസഭാമണ്ഡലം സ്ഥിതി ചെയ്യുന്നത്. ഗ്രാമ-നഗരമേഖലകൾ മണ്ഡലത്തിൽ ഉൾപ്പെടുന്നു. 2021ലെ കണക്കുകൾ പ്രകാരം 1,67,406 വോട്ടർമാർ മണ്ഡലത്തിലുണ്ട്.
1957 ലെ തിരഞ്ഞെടുപ്പിൽ സിപിഐ നേതാവ് എം.കെ കേളു ആയിരുന്നു മണ്ഡലത്തിൽ നിന്നും ആദ്യം വിജയിച്ചത്. 1960 ൽ പിഎസ്പി സ്ഥാനാർത്ഥിയായി മത്സരിച്ച എം.കൃഷ്ണൻ മണ്ഡലത്തിൽ നിന്നും വിജയിച്ചു. 1965 ലും 67 ലും എസ്എസ്പി സ്ഥാനാർത്ഥിയായിട്ടായിരുന്നു എം. കൃഷ്ണൻ മത്സരിച്ചത്. രണ്ട് തിരഞ്ഞെടുപ്പിലും വിജയിച്ചു. 1970 ൽ ഐഎസ് പി സ്ഥാനാർത്ഥിയായി അദ്ദേഹം മണ്ഡലത്തിൽ നിന്നും വീണ്ടും ജനവിധി തേടി. വിജയിച്ച കൃഷ്ണൻ 1977 വരെ മണ്ഡലം എംഎൽഎ ആയി തുടർന്നു.
1977 ലെ തിരഞ്ഞെടുപ്പിൽ ജനതാദൾ സ്ഥാനാർത്ഥി കെ. ചന്ദ്രശേഖരൻ മണ്ഡലം എംഎൽഎ ആയി. 1996 വരെ ചന്ദ്രശേഖരൻ തുടർച്ചയായി വിജയിച്ചു. 1996 ലും 2001 ലും ജനതാ ദൾ ( എസ് ) നേതാവ് സി.കെ നാണു മണ്ഡലത്തിൽ നിന്നും ജയിച്ച് കയറി. 2006 ൽ ജനതാദൾ (എസ്) സ്ഥാനാർത്ഥി എം.കെ പ്രേംനാഥ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2011 ലും 2016 ലും സി.കെ നാണുവിനെ മണ്ഡലം തുണച്ചു. എന്നാൽ 2021 ൽ സ്ഥിതിമാറി. റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ വനിതാ നേതാവ് കെ.കെ രമ ഇവിടെ നിന്നും വിജയിച്ചു. അങ്ങിനെ മണ്ഡലം ആദ്യമായി യുഡിഎഫിന്റെ ഭാഗത്തേയ്ക്ക് ചായ്ഞ്ഞു.
ഇക്കുറിയും മണ്ഡലത്തിൽ നിന്നും സിറ്റിംഗ് എംഎൽഎയായ കെകെ രമ ജനവിധി തേടുന്നുണ്ട്. ഇക്കുറി മണ്ഡലത്തിൽ ആർജെഡി സ്ഥാനാർത്ഥിയെ ആണ് രമയെ നേരിടാൻ എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. എം.കെ ഭാസ്കരനാണ് വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ബിജെപി നേതാവ് അഡ്വ. കെ. ദിലീപാണ് മണ്ഡലത്തിൽ ജനവിധി തേടുന്ന എൻഡിഎ സ്ഥാനാർത്ഥി. സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ ശക്തമായ പോരാട്ടത്തിനാണ് മണ്ഡലം അങ്കംകുറിച്ചത്. വിധി ആർക്ക് അനുകൂലമാകുമെന്ന് കണ്ടറിയാം.

