തൃശ്ശൂർ ജില്ലയിലെ എൽ ഡി എഫിന്റെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന മണ്ഡലമാണ് കയ്പമംഗലം. തീരദേശ ഗ്രാമമാണിത് . മുൻപ് വലിയപത്തേമാരികൾ പോലും അടുത്തിരുന്ന സ്ഥലമാണിതെന്നാണ് പഴമക്കാർ പറയുന്നത് . കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് , എടത്തിരുത്തി, എറിയാട് , മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കയ്പമംഗലം.
2011 മുതൽ 2016 വരെ എൽ ഡി ഫിന്റെ വി എസ് സുനിൽ കുമാറാണ് കയ്പമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 2021 ൽ എൽ ഡി എഫിന്റെ ഇ.ടി. ടൈസണാണ് ഇവിടെ വിജയിച്ചത്. 73,161 വോട്ടുകൾ നേടിയാണ് അദ്ദേഹം മണ്ഡലം നിലനിർത്തിയത്.കോൺഗ്രസ് സ്ഥാനാർത്ഥി ശോഭ സുബിന് 50,463 വോട്ടുകൾ ലഭിച്ചു.
ഇത്തവണ ഇവിടുത്തെ എൽഡിഎഫ് സ്ഥാനാർഥി കെ കെ വത്സരാജാണ്.യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എം. നാസറും, എൻ.ഡി.എ സ്ഥാനാർഥി അതുല്യഘോഷുമാണ്.സർക്കാറിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളും മണ്ഡലത്തിൽ മുൻഗാമികളുടെ വികസന പ്രവർത്തനങ്ങളും കാട്ടി വോട്ട് തേടുകയാണ് എൽ ഡി എഫ്.
എന്നാൽ കയ്പമംഗലം വികസനക്കാര്യത്തിൽ പിന്നോക്കമാണെന്നാണ് യുഡിഎഫും, എൻ ഡി എ യും പറയുന്നത് .തീരദേശമേഖലയായതിനാൽ കടൽ ഭിത്തി നിർമ്മാണം , തീരദേശ കണക്റ്റിവിറ്റി, റോഡുകളുടെ വികസനം എന്നീ ആവശ്യങ്ങൾക്കാണ് വോട്ടർമാർ മുൻഗണന നൽകുന്നത് . പ്രത്യയശാസ്ത്രം മാറ്റിയെഴുതാൻ വോട്ടർമാർ തുനിഞ്ഞാൽ കയ്പമംഗലം ഇത്തവണ മറ്റൊരു ചരിത്രമെഴുതും.

