ചെന്നൈ: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ മാറ്റത്തിനാണ് തമിഴ്നാട് ഇന്ന് സാക്ഷിയായിരിക്കുന്നത്. ഡിഎംകെയുടെ അപ്രമാധിത്യം തകർത്തുകൊണ്ട് നടൻ വിജയിയുടെ തമിഴക വെട്രി കഴകം തമിഴ്നാട്ടിൽ അധികാരത്തിലേക്ക് അടുക്കുന്നു. വോട്ടെണ്ണൽ അതിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കേ 111 സീറ്റുകളിലാണ് വിജയിയുടെ പാർട്ടി ലീഡ് ചെയ്യുന്നത്.
ഡിഎംകെയെ പോലെയും എഐഎഡിഎംകെയെ പോലെയും വലിയ രാഷ്ട്രീയ ചരിത്രം അവകാശപ്പെടാൻ കഴിയാത്ത പാർട്ടിയാണ് ടിവികെ. 2024 ലാണ് പാർട്ടിസ്ഥാപിതമായത്. അഭിമുഖീകരിക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽതന്നെ ശക്തമായ മുന്നേറ്റം കാഴ്ചവച്ച പാർട്ടി ഒരുപക്ഷെ ടിവികെ ആകാം. തന്റെ ആരാധകരെ മാത്രം മനസിൽ കണ്ടുകൊണ്ടായിരുന്നു വിജയിയുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പ്. എന്നാൽ അത് ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും ആധിപത്യത്തെ ഇല്ലാതാക്കി.
യുവാക്കളുടെ പിന്തുണ ടിവികെയുടെ മുന്നേറ്റത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. ഇതിന് പുറമേ ഭരണവിരുദ്ധ വികാരവും ഇക്കുറി തമിഴ്നാട് രാഷ്ട്രീയത്തിൽ ആഞ്ഞടിച്ചുവെന്ന് വ്യക്തം. വിജയിയുടെ ജനപ്രീതിയും ടിവികെയെ വിജയത്തിലേക്ക് നയിച്ച ഘടകമാണ്.

