കാസർകോട് ജില്ലയിലെ യുഡിഎഫിന്റെ ഉരുക്കുകോട്ടയാണ് കാസർകോട് നിയമസഭാമണ്ഡലം. രണ്ട് തവണ സ്വതന്ത്രന് വേണ്ടി വഴിമാറി എന്നല്ലാതെ യുഡിഎഫിനെ കൈവിട്ട ചരിത്രം മണ്ഡലത്തിനില്ല. കാലാകാലങ്ങളായി മുസ്ലീം ലീഗ് കൈവശം വച്ചിരിക്കുന്ന സീറ്റാണ് ഇത്. എൻഎ. നെല്ലിക്കുന്ന് ആണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
കേരളത്തിലെ നിയമസഭാമണ്ഡലങ്ങളിൽ 9ാം നമ്പർമണ്ഡലമാണ് കാസർകോട്. 1957 ൽ നിലവിൽ വന്നു. കാസർകോട് മുനിസിപ്പാലിറ്റി, മൊഗ്രാൽ പുത്തൂർ, മധൂർ, ബദിയഡുക്ക, കുംബഡാജെ, ബേലൂർ, ചെങ്കള, കാറഡുക്ക എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കാസർകോട് നിയമസഭാമണ്ഡലം. കാസർകോട് ലോക്സഭാമണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നു.
കോൺഗ്രസ് ഐയുടെ നേതാവ് സി. കുഞ്ഞികൃഷ്ണൻ നായർ ആയിരുന്നു മണ്ഡലത്തിലെ ആദ്യത്തെ എംഎൽഎ. 1960 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ ) സ്ഥാനാർത്ഥി എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ വിജയിച്ചു. 1965 ൽ സ്വതന്ത്ര സ്ഥാനാർത്ഥി ഇ അബ്ദുൾ ഖാദർ വിജയിച്ചു. 1967 ലും മണ്ഡലം സ്വതന്ത്രനെ തുണച്ചു. 1967 ൽ സ്വതന്ത്രനായി മത്സരിച്ച യു.പി കുനിക്കുല്ലായ വിജയിച്ചു. 1970 ലെ തിരഞ്ഞെടുപ്പിൽ ലീഗ് മണ്ഡലം വീണ്ടും പിടിച്ചെടുത്തു. ബിഎം അബ്ദുൾ റഹ്മാൻ എംഎൽഎ ആയി. 1977 ൽ ലീഗിന്റെ ടി.എ ഇബ്രാഹിമും, 1979 ൽ വീണ്ടും ബി.എം അബ്ദുൾ റഹ്മാനും മണ്ഡലത്തിൽ വിജയിച്ചു. 1980 ൽ മണ്ഡലം ലീഗിന്റെ സി.ടി അഹമ്മദ് അലിയ്ക്കായി വഴിമാറി. 2011 വരെ അദ്ദേഹം ആയിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2011 ലെ തിരഞ്ഞെടുപ്പിൽ എൻ.എ നെല്ലിക്കുന്ന് വിജയിച്ചു. പിന്നീടുള്ള രണ്ട് തിരഞ്ഞെടുപ്പുകളിലും ഭാഗ്യം അദ്ദേഹത്തെ തുണച്ചു.
ഇക്കുറി കല്ലട്ര മാഹിൻ ഹാജിയാണ് ലീഗിന് വേണ്ടി കാസർകോട് നിയമസഭാമണ്ഡലത്തിൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. ഐഎൻഎല്ലിന്റെ ഷാനവാസ് പാദൂർ എൽഡിഎഫ് സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നു. ബിജെപിയുടെ എം.എൻ അശ്വിനിയാണ് മണ്ഡലത്തിൽ അങ്കത്തിനിറങ്ങുന്ന എൻഡിഎ സ്ഥാനാർത്ഥി.

