ഡന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ കൂട്ടായ്മകൾ ആഹ്വാനം ചെയ്ത ഹർത്താൽ മിക്കയിടങ്ങളിലും അക്രമാസക്തമായി. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സ്ഥാപനങ്ങൾ പൂട്ടിച്ചു. എതിർത്തവരെയും പ്രതിഷേധിച്ചവരെയും സംഘം ചേർന്ന് കായികമായി ആക്രമിച്ചു. കേട്ടാലറയ്ക്കുന്ന അസഭ്യവർഷം നടത്തി.
കീമോ തെറാപ്പി ചെയ്യാൻ പോയ കാൻസർ രോഗിയെയും കുടുംബത്തെയും തടഞ്ഞ ഹർത്താൽ അനുകൂലികൾ മനുഷ്യത്വത്തിന്റെ കണിക പോലും തങ്ങളിൽ അവശേഷിക്കുന്നില്ലെന്ന് പ്രവൃത്തിയിലൂടെ ബോദ്ധ്യപ്പെടുത്തി. കട അടയ്ക്കാൻ വൈകിയതിന് യുവാവിനെതിരെ അസഭ്യവർഷം നടത്തി. ഇരുചക്ര വാഹന യാത്രക്കാരെ പോലും വെറുതെ വിട്ടില്ല. കുഞ്ഞുങ്ങളുമായി ആശുപത്രിയിലേക്ക് പോകാൻ ഇറങ്ങിയ സ്ത്രീകളെ പോലും തടഞ്ഞു.
ശസ്ത്രക്രിയക്ക് ആശുപത്രിയിൽ കാത്തിരിക്കുന്ന രോഗിക്ക് അവശ്യവസ്തുക്കളുമായി പോയ ബന്ധുക്കളെ നടുറോഡിൽ തടഞ്ഞു. മതിയായ രേഖ കാണിച്ച് ബോദ്ധ്യപ്പെടുത്തിയാൽ മാത്രമേ വാഹനം കടത്തി വിടൂവെന്ന് സമരാനുകൂലികൾ നിർബന്ധം പിടിച്ചു. ഹോട്ടലിൽ കുട്ടികളുമായി ഭക്ഷണം കഴിക്കാൻ എത്തിയവർക്ക് മുന്നിൽ പോലും ഹർത്താലുകാർ അഴിഞ്ഞാടി. തിരുവനന്തപുരത്ത് തമ്പാനൂരിൽ മണിക്കൂറുകളോളം ബസുകൾ തടഞ്ഞിട്ട് സ്ത്രീകളെയും കുട്ടികളെയും മുതിർന്ന പൗരന്മാരെയും അക്ഷരാർത്ഥത്തിൽ ബന്ദികളാക്കി.
അയൽ സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥികളും വഴിയിൽ കുടുങ്ങി. തങ്ങളുടെ അവസരം നിഷേധിക്കപ്പെട്ടതിനാൽ അവരിൽ പലരും മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പി. തെരുവിൽ നിയന്ത്രണമില്ലാതെ അഴിഞ്ഞാടിയ സമരാനുകൂലികൾ, സഹതാപത്തിനും പരിഗണനക്കും പകരം സമൂഹത്തിന്റെ വെറുപ്പ് പിടിച്ചുപറ്റി. മരണപ്പെട്ട വിദ്യാർത്ഥിയുടെ ഉറ്റവർ പോലും ഹർത്താലിനിടയിലെ അക്രമ സംഭവങ്ങളെ തള്ളിപ്പറഞ്ഞു. മകന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് അവർക്ക് അപേക്ഷിക്കേണ്ട സാഹചര്യമുണ്ടായി.
അക്രമങ്ങൾ തടയുന്നതിൽ മിക്കയിടങ്ങളിലും പോലീസ് പരാജയപ്പെട്ടു. ഹർത്താൽ അനുകൂലികളുടെ ധാർഷ്ട്യവും പോലീസിന്റെ നിഷ്ക്രിയത്വവും പൊതുജനങ്ങളെ രോഷാകുലരാക്കി. അതേസമയം തിരുവനന്തപുരം കണിയാപുരത്തും ചെങ്ങന്നൂരും പോലെ അപൂർവ്വം ചിലയിടങ്ങളിൽ സഹികെട്ട് പോലീസ് നടത്തിയ ഇടപെടൽ ആശാവഹമായിരുന്നു എന്നും പറയാതെ വയ്യ. ഏതായാലും ജനങ്ങൾ ഒന്നടങ്കം തള്ളിക്കളഞ്ഞ ഒരു ഹർത്താലായിരുന്നു കഴിഞ്ഞ ദിവസം കടന്ന് പോയത് എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
ഈ ഹർത്താൽ എന്തുകൊണ്ട് ജനം തള്ളി എന്ന് ചോദിച്ചാൽ അതിനുള്ള കാരണങ്ങൾ നിരവധിയാണ്. പത്ത് ദിവസം മുൻപ് തങ്ങൾ ആഹ്വാനം ചെയ്തു എന്ന് ഹർത്താൽ അനുകൂലികൾ അവകാശപ്പെടുന്നുണ്ടെങ്കിലും, ഹർത്താലിന്റെ തലേദിവസം മാത്രമാണ് ഇതിൽ പങ്കെടുക്കുന്ന സംഘടനകളുടെ അന്തിമ രൂപരേഖ തെളിഞ്ഞത്. ഇത് ഹർത്താലിന്റെ തീവ്രതയെ കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. മാത്രമല്ല, വാഹനങ്ങൾ തടയില്ല എന്ന ഉറപ്പും ഹർത്താൽ ആഹ്വാനം ചെയ്തവർ മാധ്യമങ്ങൾ മുഖേന നൽകി. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നും തന്നെ ഹർത്താലിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തില്ല. ഇതൊക്കെ ജനങ്ങളെ മറ്റൊരു തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകാം.
മാത്രമല്ല, ഹർത്താലുകളും പണിമുടക്കുകളും ആകെ വിജയിക്കുന്ന അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിലെ ജനങ്ങൾ പോലും കഴിഞ്ഞ കുറച്ചുകാലമായി മാറി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത കഴിഞ്ഞ രണ്ട് പൊതുപണിമുടക്കുകളിലും ജനങ്ങൾ മുൻകാലങ്ങളിലേത് പോലെ കാര്യമായി സഹകരിച്ചില്ല. മിക്കയിടങ്ങളിലും പൊതുജനങ്ങളും ജീവനക്കാരും സമരാനുകൂലികളെ പരസ്യമായി ചോദ്യം ചെയ്തു. പണിമുടക്കിലെ അക്രമ സംഭവങ്ങൾ മുഖ്യധാരാ മാദ്ധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ യുവതലമുറയും വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തത് സമരാനുകൂലികൾക്ക് തിരിച്ചടിയായി. സമരത്തിന്റെ പേരിൽ അരങ്ങേറുന്ന പൊതു/സ്വകാര്യ മുതലുകളുടെ നാശനഷ്ടം സമരത്തിന് ആഹ്വാനം ചെയ്യുന്നവരിൽ നിന്നും ഈടാക്കണം എന്ന കോടതി ഉത്തരവും, വ്യാപകമായ സിസിടിവികളും, ഒടിയനെ എങ്ങനെയാണോ വൈദ്യുതി വിളക്കുകളുടെ വ്യാപനം ക്ഷയിപ്പിച്ചത്, അതേ പോലെ സമരക്കാരെയും ഒരു പരിധി വരെ ക്ഷയിപ്പിച്ചിട്ടുണ്ട്.
ഹർത്താൽ എന്നത് ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികൾ വലിയ തോതിൽ ഉപയോഗിച്ചിരുന്ന ഒരു സമര മാർഗമായിരുന്നു. സമരക്കാർ സ്വയം പണിമുടക്കി നടത്തിയിരുന്ന ഒരു പ്രതിഷേധ സമരമുറ മാത്രമായിരുന്നു ദീർഘകാലം ഇത്. സ്വാതന്ത്ര്യാനന്തരവും ഹർത്താലിന്റെ ഭാഗമായി മറ്റുള്ളവരെ കൂടി നിർബന്ധിച്ച് കടയടപ്പിക്കുകയോ പണിമുടക്കിക്കുകയോ വാഹനങ്ങൾ തടയുകയോ ഒന്നും ചെയ്തിരുന്നില്ല. പിൽക്കാലത്ത് ബന്ദ് നിരോധിക്കപ്പെട്ടതോടെയാണ് കേരളത്തിൽ ഹർത്താലിന്റെ രൂപവും ഭാവവും മാറിയത്. ഹർത്താലിന്റെ ഭാഗമായി അക്രമ സംഭവങ്ങളും പൊതുമുതൽ നശിപ്പിക്കലും വ്യാപകമായതോടെയാണ് കോടതിക്ക് ഇതിൽ ഇടപെടേണ്ടി വന്നത്. ഹർത്താലിന്റെ പേരിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണം എന്ന വിധി കർശനമായി നടപ്പിലാക്കാൻ കോടതി നിർബന്ധം പിടിച്ചതോടെ, ഹർത്താലിന്റെ മൂർച്ച കുറഞ്ഞ് വരികയാണ്. ഇനി ഒരിക്കലും ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല എന്ന കോൺഗ്രസിന്റെ പ്രഖ്യാപനവും ശ്രദ്ധേയമായ സാമൂഹിക പരിവർത്തനത്തിന്റെ ഭാഗമാണ്.
ഇതിന് മുൻപ് പൊതുസമൂഹവും കോടതിയും ഒരേ പോലെ പൊളിച്ചടുക്കിയ ഹർത്താലായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ഉണ്ടായത്. അതിന്റെ നഷ്ടം ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് തന്നെ ഈടാക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു, കഴിഞ്ഞ ദിവസം ഹർത്താലിനിടെ നടന്ന അക്രമ സംഭവങ്ങളും ഭരണകൂടത്തിന്റെ നിഷ്ക്രിയത്വവും ശ്രദ്ധയിൽ പെട്ട ഹൈക്കോടതി, ഇവിടെയും ജനപക്ഷത്ത് നീതിയുടെ കാവലാളായി നിന്നുകൊണ്ട് ശക്തമായ ഇടപെടൽ നടത്തിയിരിക്കുകയാണ്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുക്കാൻ കോടതി തയ്യാറായിരിക്കുന്നു.
ഹർത്താലുമായി ബന്ധപ്പെട്ട് കോടതി സർക്കാരിനോട് വിശദീകരണം തേടി. ഡിജിപിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഹര്‍ത്താലില്‍ നടന്ന അതിക്രമങ്ങളിലാണ് ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി കൃഷ്ണകുമാര്‍ എന്നിവരുടെ അവധിക്കാല ഡിവിഷന് ബെഞ്ച് കേസെടുത്തിരിക്കുന്നത്. രോഗികളുമായി കടന്നുപോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍ കോടതിയും വളരെ ഗൗരവതരമായി പരിഗണിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതി ഇക്കാര്യത്തില്‍ വിശദീകരണം തേടി.
മാത്രമല്ല, ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ കോടതിയലക്ഷ്യം നടത്തിയതായും കോടതി നിരീക്ഷിച്ചു. ഇതോടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ കോടതിയലക്ഷ്യ നടപടികളും നേരിടേണ്ടിവരും എന്നത് ഉറപ്പായി. ഇതിന്റെ ഭാഗമായി ഹൈക്കോടതി രജിസ്ട്രിയോട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ് അയക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനും പണിമുടക്കാനും ഹർത്താൽ ആചരിക്കാനുമുള്ള സ്വാതന്ത്ര്യത്തെയൊന്നും ആരും ചോദ്യം ചെയ്യുന്നില്ല. എന്നാൽ, അവനവന് പണിമുടക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ അപരന് പണിയെടുക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. സഞ്ചാര സ്വാതന്ത്ര്യം എന്നത് ഭരണഘടന ഉറപ്പ് നൽകുന്ന പരമമായ സ്വാതന്ത്ര്യങ്ങളിൽ ഒന്നാണ്. അതും ആരും ആർക്കും നിഷേധിക്കാൻ പാടില്ല. ഇക്കാര്യത്തിൽ വ്യക്തമായ ധാരണ പണിമുടക്കുന്നവർക്കും ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർക്കും ഉണ്ടായിരിക്കണം. കാലം മാറുന്നതിന് അനുസരിച്ച് തിണ്ണമിടുക്കും പ്രാകൃതമായ സമരമുറകളും ഉപേക്ഷിക്കാൻ രാഷ്ട്രീയ, സാമൂഹിക, സാമുദായിക സംഘടനകളും തയ്യാറാകണം. അല്ലാത്ത പക്ഷം കോടതികളും പൊതുജനങ്ങളും സ്വമേധയാ മുൻകൈ എടുത്ത് നിങ്ങളെ പൗരധർമ്മം പഠിപ്പിക്കേണ്ടി വരും. അത് അപമാനകരമായിരിക്കും എന്ന് മാത്രമല്ല ഒട്ടും ആശാവഹമായിരിക്കുകയും ഇല്ല.

