പത്തനംതിട്ട : മകരവിളക്ക് ദിവസമായ നാളെ ഭക്തരുടെ മല കയറ്റത്തിനും , പതിനെട്ടാം പടി കയറിയുള്ള അയ്യപ്പദർശനത്തിനും നിയന്ത്രണം . രാവിലെ 10 ന് ശേഷം തീർത്ഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് കടത്തി വിടില്ല.
ഉച്ചപൂജ കഴിഞ്ഞ് ഒരുമണിക്ക് നട അടച്ചാൽ വൈകിട്ട് തിരുവാഭരണം സന്നിധാനത്ത് എത്തി ദീപാരാധനയും നടത്തി മകരജ്യോതി ദർശനവും കഴിഞ്ഞ ശേഷമേ തീർത്ഥാടകരെ പതിനെട്ടാം പടി കയറാൻ അനുവദിക്കൂ.
ഉച്ചയ്ക്ക് ശേഷം സോപാനത്തേയ്ക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. തിരുവാഭരണ ഘോഷയാത്ര , തിരുവാഭരണം ചാർത്തി ദീപാരാധന എന്നിവ നടക്കുന്നതിൽ ദേവസ്വം വിജിലൻസ് എസ് പി ഒപ്പിട്ട പാസുമായി വരുന്നവരെ മാത്രമേ തിരുമുറ്റത്ത് പ്രവേശിപ്പിക്കൂ. മകരജ്യോതി ദർശനത്തിനു ശേഷം പതിനെട്ടാം പടി കയറാനും, വടക്കേ നടയിലൂടെ സോപാനത്ത് എത്തി തിരുവാഭരണം ചാർത്തി കണ്ട്തൊഴാനും അവസരം ലഭിക്കും.
ചൊവ്വാഴ്ച്ച വൈകിട്ട് പുല്ലുമേട്ടിൽ നിന്ന് ഭക്തരെ സന്നിധാനത്തേയ്ക്ക് കയറ്റി വിടില്ല. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര അനുവദിക്കില്ല. തീർത്ഥാടകർ പുല്ലുമേട്ടിൽ നിന്ന് മകരവിളക്ക് ദർശിച്ച ശേഷം സത്രത്തിലേയ്ക്ക് മടങ്ങണം. അടുത്ത ദിവസം മാത്രമേ സന്നിധാനത്തേയ്ക്ക് യാത്ര അനുവദിക്കൂ.