തിരുവനന്തപുരം: ആരോഗ്യകരമായ മത്സരമാണ് കലോത്സവ വേദികളിൽ അരങ്ങേറേണ്ടതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇരുപത്തി അഞ്ച് വേദികളിൽ 249 മത്സരയിനങ്ങളിലായി പതിനയ്യായിരത്തോളം കലാ പ്രതിഭകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. മത്സരങ്ങൾ സുഗമമായി നടത്താനും സമയക്രമം പാലിക്കാനും വേണ്ട എല്ലാ നടപടികളും പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മത്സരത്തിനായി എത്തിയിട്ടുള്ള കുട്ടികളോട്, വിജയമല്ല പങ്കെടുക്കലാണ് പ്രധാനം എന്നും പരസ്പര ബഹുമാനവും സ്നേഹവും വേണമെന്നും മന്ത്രി ഓർമിപ്പിച്ചു . 63-മത് സംസ്ഥാന സ്കൂൾ കലോത്സവ ഉദ് ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ചു കലാരൂപങ്ങൾ സ്കൂൾ കലോത്സവത്തിന്റെ മത്സര ഇനങ്ങളായി വേദിയിലെത്തുന്നു എന്ന പ്രത്യേകതയും ഈ കലോത്സവത്തിനുണ്ട്. കേരളീയ സമൂഹത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ഒരു രാഷ്ട്രീയ സന്ദേശം കൂടിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.