ലഖ്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിനു മാംഗല്യം . . സമാജ്വാദി പാർട്ടി എംപി പ്രിയ സരോജയാണ് വധു. ജൂൺ 8 ന് ലഖ്നൗവിലെ ഒരു ഹോട്ടലിൽ വെച്ചാണ് ഇരുവരുടെയും വിവാഹനിശ്ചയം. 2025 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്നു റിങ്കു സിംഗ്. പ്ലേഓഫിലേക്ക് യോഗ്യത നേടാതെ കൊൽക്കത്ത മത്സരത്തിൽ നിന്ന് പുറത്തായി. റിങ്കു സിംഗ് 13 മത്സരങ്ങളിൽ നിന്ന് 206 റൺസ് നേടി.
ഒരു വർഷത്തിലേറെയായി സുഹൃത്തുക്കളാണ് റിങ്കുവും പ്രിയയും . ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു. വാരണാസിയിലെ കാർഖിയോൺ ഗ്രാമത്തിൽ വർഷങ്ങളായി സമാജ്വാദി പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സജീവ രാഷ്ട്രീയ പ്രവർത്തകയാണ് പ്രിയ . മുൻ സുപ്രീം കോടതി അഭിഭാഷകയായ പ്രിയ 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പിതാവിനുവേണ്ടി പ്രചാരണം നടത്തിയപ്പോഴാണ് ആദ്യമായി പൊതുജനശ്രദ്ധ നേടിയത്.
2024-ൽ ജൗൻപൂർ, വാരണാസി ജില്ലകളിലെ മച്ചാലി ഷഹർ മണ്ഡലത്തിൽ നിന്ന് പ്രിയ സമാജ്വാദി പാർട്ടിയുടെ എംപിയായി . 2023 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ നേടിയതോടെയാണ് റിങ്കു ശ്രദ്ധേയനായത്. അതിനുശേഷം, ഇന്ത്യയ്ക്കായി രണ്ട് ഏകദിനങ്ങളിലും 33 ടി20 മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്ന് അർദ്ധസെഞ്ച്വറികൾ അദ്ദേഹം നേടിയിട്ടുണ്ട്.

