പെർത്ത്: ഓസ്ട്രേലിയൻ ബൗളർമാർക്ക് മേൽ സമഗ്രാധിപത്യം പുലർത്തി യശസ്വി ജയ്സ്വാളിന് പിന്നാലെ വിരാട് കോഹ്ലിയും സെഞ്ച്വറി നേടിയതോടെ, ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് പടുകൂറ്റൻ ലീഡ്. കോഹ്ലി സെഞ്ച്വറി തികച്ചതിന് തൊട്ടുപിന്നാലെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുമ്പോൾ, 6ന് 487 എന്നതായിരുന്നു ഇന്ത്യയുടെ സ്കോർ.
ഇന്ത്യ ഉയർത്തിയ 534 എന്ന പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഓസീസിനെ, ഒന്നാം ഇന്നിംഗ്സിലെ അതേ ദുരവസ്ഥയിലേക്ക് തള്ളിയിടാൻ ക്യാപ്ടൻ ജസ്പ്രീത് ബൂമ്രയുടെ തീപാറുന്ന ബൗളിംഗിന് സാധിച്ചു. ബൂമ്രയും സിറാജും ഓസീസ് ബാറ്റ്സ്മാന്മാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ വിറപ്പിച്ചതോടെ, മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 3ന് 12 എന്ന നിലയിലാണ് ആതിഥേയർ. 7 വിക്കറ്റ് മാത്രം കൈയ്യിലിരിക്കെ 522 റൺസും രണ്ട് ദിവസങ്ങളുമാണ് കങ്കാരുക്കൾക്ക് മുന്നിൽ ഇനിയുള്ളത്.
ജയ്സ്വാൾ നിർമ്മിച്ച അടിത്തറയിൽ അനായാസം ബാറ്റ് വീശിയ കോഹ്ലി, പ്രതാപകാലത്തേക്കുള്ള മടങ്ങി വരവിന്റെ സൂചന നൽകുന്ന മികച്ച ഇന്നിംഗ്സാണ് കാഴ്ചവെച്ചത്. 143 പന്തിൽ 100 റൺസുമായി പുറത്താകാതെ നിന്ന താരം, 69.93 പ്രഹര ശേഷിയിലാണ് സ്കോർ ചെയ്തത്. ജയ്സ്വാൾ 161 റൺസും കെ എൽ രാഹുൽ 77 റൺസുമെടുത്തപ്പോൾ, ഓപ്പണിംഗ് വിക്കറ്റിൽ ഇന്ത്യ 201 റൺസ് അടിച്ചുകൂട്ടി. മികച്ച ഫോമിൽ കളിക്കുന്ന നിതീഷ് റെഡ്ഡി അവസാന നിമിഷം അഴിഞ്ഞാടിയതോടെ ഇന്ത്യൻ ലീഡ് 500 കടക്കുകയായിരുന്നു. റെഡ്ഡി 27 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു.
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ വീണ 3 വിക്കറ്റുകളിൽ 2 എണ്ണം ബൂമ്രക്കും ഒരെണ്ണം സിറാജിനുമാണ്. 3 റൺസ് വീതമെടുത്ത ഉസ്മാൻ ഖവാജയും മാർനസ് ലബൂഷെയ്നുമാണ് ക്രീസിൽ.