ലണ്ടൻ: ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ 387 റൺസെടുത്ത ആതിഥേയർക്കെതിരെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
രണ്ടാം ദിനം കളി തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ജോ റൂട്ട് സെഞ്ച്വറി പൂർത്തിയാക്കി. എന്നാൽ 104 റൺസ് എടുത്ത റൂട്ടിനെ ബൗൾഡാക്കി ബൂമ്ര വിക്കറ്റ് വേട്ട പുനരാരംഭിച്ചു. 44 റൺസെടുത്ത സ്റ്റോക്സിനെയും ബൂമ്ര തന്നെ വീഴ്ത്തി. 271 റൺസിൽ 7 വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന് വേണ്ടി 56 റൺസ് എടുത്ത ബ്രൈഡൻ കാഴ്സും 51 റൺസെടുത്ത ജേമി സ്മിത്തും പിടിച്ച് നിന്നതോടെ, 387 എന്ന ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോറിലേക്ക് എത്താൻ അവർക്ക് സാധിച്ചു. 5 വിക്കറ്റ് വീഴ്ത്തിയ ബൂമ്രക്ക് പുറമെ നിതീഷ് റെഡ്ഡിയും മുഹമ്മദ് സിറാജും 2 വിക്കറ്റുകൾ വീതം സ്വന്തമാക്കിയപ്പോൾ, ജഡേജക്ക് ഒരു വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിംഗിൽ 13 റൺസെടുത്ത ജയ്സ്വാളിനെ പുറത്താക്കി ജോഫ്ര ആർച്ചർ ടെസ്റ്റിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒരുമിച്ച രാഹുലും കരുൺ നായരും ക്ഷമാപൂർവ്വം ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. മികച്ച തുടക്കം ആവർത്തിച്ചിട്ടും, വീണ്ടും അത് മുതലാക്കാനാകാതെ കരുൺ നായർ 40 റൺസുമായി മടങ്ങി. തുടക്കം പാളിയെങ്കിലും മികച്ച രണ്ട് ബൗണ്ടറികൾ നേടി പ്രതീക്ഷ നൽകിയ ക്യാപ്ടൻ ശുഭ്മാൻ ഗിൽ 16 റൺസിൽ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാൽ, പരിക്ക് മൂലം കീപ്പിംഗിന് ഇറങ്ങാതിരുന്ന ഋഷഭ് പന്ത് വിക്കറ്റ് പാഴാക്കാതെ രാഹുലിനൊപ്പം തുടരുന്നത് ഇന്ത്യക്ക് ആശ്വാസമാകുകയാണ്. 19 റൺസാണ് പന്തിന്റെ സമ്പാദ്യം. 53 റൺസുമായി രാഹുലും നിലയുറപ്പിക്കുകയാണ്.
ഇംഗ്ലണ്ടിന് വേണ്ടി ആർച്ചർക്ക് പുറമെ കാഴ്സ്, വോക്സ് എന്നിവരും ഓരോ വിക്കറ്റുകൾ നേടി.

