അഡ്ലെയ്ഡ്: പെർത്തിലെ വമ്പൻ തോൽവിക്ക് അഡ്ലെയ്ഡിലെ തകർപ്പൻ വിജയത്തോടെ പ്രതിക്രിയ ചെയ്ത് ഓസ്ട്രേലിയ. പിങ്ക് ബോൾ ടെസ്റ്റിൽ 10 വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തറപറ്റിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ 175 റൺസിന് പുറത്താക്കിയതോടെ ജയിക്കാൻ ആവശ്യമായിരുന്ന 19 റൺസ് ആതിഥേയർ വിക്കറ്റ് നഷ്ടമില്ലാതെ അനായാസം മറികടക്കുകയായിരുന്നു.
5ന് 128 എന്ന നിലയിൽ മൂന്നാം ദിനം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യക്ക് 12.5 ഓവറിൽ 47 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച 5 വിക്കറ്റുകൾ കൂടി നഷ്ടമായി. 47 പന്തിൽ 42 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ടോപ് സ്കോറർ.
28 റൺസെടുത്ത ഋഷഭ് പന്തിനെ സ്റ്റീവ് സ്മിത്തിന്റെ കൈകളിൽ എത്തിച്ച് മിച്ചൽ സ്റ്റാർക്കാണ് മൂന്നാം ദിനം ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ വന്ന അശ്വിൻ (7), ഹർഷിത് റാണ (0), മുഹമ്മദ് സിറാജ് (7) എന്നിവർ വലിയ സാഹസങ്ങൾക്കൊന്നും മുതിരാതെ അതിവേഗം കൂടാരം കയറി.
57 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയ ക്യാപ്ടൻ കമ്മിൻസിനൊപ്പം 3 വിക്കറ്റ് വീഴ്ത്തിയ സ്കോട് ബൊലാൻഡ്, 2 വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് എന്നിവർ കൂടി ചേർന്നതോടെ ഇന്ത്യയുടെ പതനം പൂർത്തിയായി.
സ്കോർ ചുരുക്കത്തിൽ:
ഇന്ത്യ: 180, 36.5 ഓവറിൽ 175 (നിതീഷ് കുമാർ റെഡ്ഡി 42, പാറ്റ് കമ്മിൻസ് 5/57)
ഓസ്ട്രേലിയ: 337
അഡ്ലെയ്ഡ് ടെസ്റ്റിലെ കൂറ്റൻ തോൽവി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന ഇന്ത്യൻ മോഹങ്ങൾക്ക് വീണ്ടും തിരിച്ചടിയായി. ഈ തോൽവിയോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.