ദുബായ്: ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരുന്ന ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എ പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം. പാകിസ്താനെതിരെ തന്റെ അപരാജിത ഫോം തുടരുന്ന കിംഗ് കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യക്ക് ഗംഭീര വിജയം സമ്മാനിച്ചത്.
നേരത്തേ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താനെ 49.4 ഓവറിൽ 241 റൺസിന് ഇന്ത്യ പുറത്താക്കി. മറുപടി ബാറ്റിംഗിൽ വെറും 42.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 244 റൺസെടുത്തു. എത്ര ഫോം ഔട്ടായാലും പാകിസ്താനെതിരെ തന്റെ വിശ്വരൂപം പുറത്തെടുക്കുന്ന കോഹ്ലി ദുബായിലും പതിവ് ആവർത്തിച്ചു. 111 പന്തിൽ 7 ബൗണ്ടറികളുടെ അകമ്പടിയോടെ കോഹ്ലി 100 റൺസുമായി പുറത്താകാതെ നിന്നു. 56 റൺസെടുത്ത ശ്രേയസ് അയ്യർ കോഹ്ലിക്ക് ഉറച്ച പിന്തുണ നൽകിയപ്പോൾ, മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് കുറിച്ച 114 റൺസിന്റെ പാർട്ട്ണർഷിപ്പ് മത്സരത്തിൽ നിർണായകമായി.
പാകിസ്താൻ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ശുഭ്മാൻ ഗിൽ 46 റൺസെടുത്ത് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. 15 പന്തിൽ 20 റൺസെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ നയം വ്യക്തമാക്കിയത്. പാകിസ്താൻ പേസർമാർ ഇന്ത്യക്ക് വെറും കടലാസ് പുലികൾ മാത്രമാണെന്ന് അരക്കിട്ട് ഉറപ്പിക്കപ്പെട്ട മത്സരത്തിൽ, 2 വിക്കറ്റ് എടുത്ത ഷഹീൻ ഷാ അഫ്രീദി 8 ഓവറിൽ വഴങ്ങിയത് 74 റൺസാണ്. അഫ്രീഡിയെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നതിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ പ്രത്യേക ശ്രദ്ധ പുലർത്തി. ഹാരീസ് റൗഫ് 7 ഓവറിൽ 52 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റ് ഒന്നും കിട്ടിയില്ല.
തുടക്കത്തിൽ ബാറ്റിംഗ് ദുഷ്കരമായിരുന്ന പിച്ചിൽ ആദ്യം ബാറ്റ് ചെയ്യാനുള്ള പാകിസ്താന്റെ തീരുമാനം തിരിച്ചടിയായി. മികച്ച ബൗളിംഗും നിലവാരമുള്ള ഫീൽഡിംഗുമായി ഇന്ത്യ പാകിസ്താൻ ബാറ്റ്സ്മാന്മാരെ വരിഞ്ഞ് മുറുക്കിയപ്പോൾ, 62 റൺസെടുത്ത സൗദ് ഷക്കീലിന്റെ ബാറ്റിംഗ് മികവിലാണ് അവർ 240 കടന്നത്. ക്യാപ്ടൻ മുഹമ്മദ് റിസ്വാൻ 46 റൺസും ഖുശ്ദിൽ ഷാ 38 റൺസുമെടുത്തു. 3 വിക്കറ്റെടുത്ത കുൽദീപ് യാദവും 2 വിക്കറ്റ് എടുത്ത ഹാർദിക് പാണ്ഡ്യയും ഇന്ത്യക്ക് വേണ്ടി മികച്ച രീതിയിൽ പന്തെറിഞ്ഞു. ഹർഷിത് റാണയും അക്ഷർ പട്ടേലും ഓരോ വിക്കറ്റുകളുമായി ഇരുവർക്കും ശക്തമായ പിന്തുണ നൽകി.
ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം തോൽവിയോടെ പാകിസ്താന്റെ സെമി ഫൈനൽ പ്രതീക്ഷകളും ത്രിശങ്കുവിലായി. നാളെ നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശ് ന്യൂസിലൻഡിനെ തോൽപ്പിച്ചില്ലെങ്കിൽ, ബംഗ്ലാദേശിനൊപ്പം പാകിസ്താനും സെമി കാണാതെ പുറത്താകും.