കൊച്ചി: അകാരണമായ സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടിയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തനിക്ക് ഉണ്ടായ ദുരനുഭവവും തുടർന്ന് നിയമ നടപടി സ്വീകരിക്കാൻ ഇടയായ സാഹചര്യവും വ്യക്തമാക്കി ഫേസ്ബുക്കിൽ അദ്ദേഹം പോസ്റ്റ് ചെയ്ത കുറിപ്പാണ് നിലവിൽ ചർച്ചയാകുന്നത്.
സിനിമയിൽ ജോലി ചെയ്യുന്ന 90% ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തിഹത്യകൾ. സത്യം എന്താണെന്ന് പോലും മനസിലാക്കാതെ ചിലർ കമന്റ് ബോക്സിൽ ഒത്തുകൂടുമ്പോൾ പ്രതികരിക്കാൻ തോന്നാറുണ്ടെന്നും എന്നാൽ ശബദ്മുയർത്തുന്നവരെ വേട്ടയാടുന്ന സോഷ്യൽ മീഡിയയെ ഭയന്ന് മൗനം പാലിക്കുകയാണ് ചെയ്യുന്നതെന്നും അഭിലാഷ് പിള്ള പറഞ്ഞു.
കഴിഞ്ഞ ദിവസം തന്നെ കുറിച്ച് ഒരാൾ എഴുതിയിട്ട പോസ്റ്റ് കണ്ടപ്പോൾ അതിലും മികച്ച രീതിയിൽ മറുപടി കൊടുക്കാൻ തോന്നി. പക്ഷേ അങ്ങനെ ചെയ്താൽ അയാളും താനും തമ്മിൽ വ്യത്യാസമില്ലാതാകും. അതുകൊണ്ട് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുള്ള പൗരൻ എന്ന നിലയിൽ അയാൾക്ക് എതിരെ ഡിവൈഎസ്പി ഓഫീസിലും, സൈബർ പൊലീസിനും പരാതി നൽകി. ബാക്കി നിയമം പോലെ നടക്കട്ടെ. 2 കുട്ടികൾ അടങ്ങുന്ന ഒരു വലിയ കുടുംബം തന്നെ കാത്തിരിക്കുന്നുണ്ട് എന്ന വാചകത്തൊടെയാണ് അഭിലാഷ് പിള്ള കുറിപ്പ് അവസാനിപ്പിക്കുന്നത്.