തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ അറസ്റ്റിൽ. ബാലരാമപുരത്തെ കോട്ടുകൽക്കോണം വാർഡിലാണ് സംഭവം . ശ്രീജിത്ത് – ശ്രീതു ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ അമ്മയുടെ സഹോദരൻ ഹരികുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴി പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. ഹരികുമാറിനെ ചോദ്യം ചെയ്ത് വരികയാണ്.
ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത് . അച്ഛനും, അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെയാണ് രാവിലെയോടെ കാണാതായത് . കുഞ്ഞിന്റെ മുത്തശ്ശന്റെ മരണാന്തര ചടങ്ങിനെത്തിയവർ അടക്കം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കുടുംബാംഗങ്ങൾ പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതാണ് മരണത്തിൽ സംശയം ജനിപ്പിച്ചത്.
ഏറെ നാളായി കുട്ടിയുടെ മാതാപിതാക്കൾ അകന്ന് കഴിയുകയാണ് . കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് വിവരം. ഇതിന്റെ പേരിൽ കുടുംബത്തിൽ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.