വയനാട് : നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ . വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത് . ചെമ്മണ്ണൂരിന്റെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നൽകാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ അതിനു മുൻപേ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഹണി റോസ് പരാതി നൽകിയതിനു പിന്നാലെ ബോബി ചെമ്മണ്ണൂർ വയനാട്ടിലേയ്ക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു . തുടർന്ന് കൊച്ചി പോലീസ് വിവരം വയനാട് പോലീസിന് കൈമാറി. കൊച്ചി പോലീസും സ്ഥലത്തെത്തിയ ശേഷമാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലേയ്ക്ക് കൊണ്ടു പോയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന .
നടിയുടെ പരാതിയിൽ ഇന്നലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെൻട്രൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് . നടിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയത്.
സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ വകുപ്പും ചുമത്തിയിട്ടുണ്ട്.തനിക്കെതിരെയും, മറ്റ് സ്ത്രീകൾക്കെതിരെയും നടത്തുന്ന അശ്ലീല പരാമർശങ്ങളുടെ വീഡിയോ അടക്കമാണ് താരം പരാതി നൽകിയത്.