നടൻ അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് ‘പുഷ്പ 2’ എന്ന സിനിമയുടെ റിലീസിനിടെ സന്ധ്യ തീയറ്ററിൽ അല്ലു അർജുൻ എത്തിയിരുന്നു. തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരണപ്പെടുകയും ചെയ്തു. യുവതിയുടെ മകനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ നടൻ അല്ലു അർജുൻ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അല്ലുഅർജുനെയും അംഗരക്ഷകനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ, ഹൈദരാബാദ്, ചീക്കട്ടപ്പള്ളി പോലീസ് കേസിനെക്കുറിച്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിന് അല്ലു അർജുൻ മറുപടി നൽകിയില്ലെന്നാണ് സൂചന. എന്നാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപേക്ഷയിൽ വാദം കേൾക്കൽ ഇതുവരെ നടന്നിട്ടില്ല.
പോലീസ് ജീപ്പിൽ കയറുന്നതിന് മുമ്പ് തന്നെ പോലീസ് അറസ്റ്റ് ചെയ്ത രീതിയെക്കുറിച്ച് അല്ലു അർജുൻ അതൃപ്തി പ്രകടിപ്പിച്ചു. അല്ലു അർജുൻ പോലീസ് ജീപ്പിൽ കയറുമ്പോൾ അച്ഛൻ അല്ലു അരവിന്ദും പോലീസ് ജീപ്പിൽ കയറിയിരുന്നു, എന്നാൽ പോലീസ് അല്ലുവിന്റെ അച്ഛനെ താഴെ ഇറക്കി അല്ലു അർജുനെ മാത്രമാണ് കൊണ്ടുപോയത്.