ചെന്നൈ : അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ സ്ത്രീകൾക്കായി തുറന്ന് കത്തെഴുതി നടനും തമിഴഗ വെട്രി കഴകം അധ്യക്ഷനുമായ വിജയ് .പാർട്ടിയുടെ ഔദ്യോഗിക ലെറ്റർഹെഡിൽ “പ്രിയ സഹോദരിമാരെ” എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് വിജയുടെ കുറിപ്പ് തുടങ്ങുന്നത് .
പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് താരം കത്തിൻ്റെ ചിത്രം പോസ്റ്റ് ചെയ്തത്. നിങ്ങളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങൾ ആരോടാണ് ചോദിക്കേണ്ടത് ? നമ്മളെ ഭരിക്കുന്നവരോട് എത്ര ചോദിച്ചാലും അർത്ഥമില്ലെന്നാണ് അറിയുന്നത്. അതിനാണ് ഈ കത്ത്- എന്നും വിജയ് പറയുന്നു.
തമിഴ്നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും എല്ലാ സ്ത്രീകളും “ആൾക്കൂട്ട അതിക്രമങ്ങൾക്കും അനാശാസ്യത്തിനും ലൈംഗിക കുറ്റകൃത്യങ്ങൾക്കും” വിധേയരാകുന്നുവെന്നും “അവരുടെ സഹോദരൻ” എന്ന നിലയിൽ താൻ വിഷാദത്തിനും വിശദീകരിക്കാനാകാത്ത വേദനയ്ക്കും വിധേയനാണെന്നും പറഞ്ഞാണ് അദ്ദേഹം കത്ത് ആരംഭിച്ചത്. തമിഴ്നാട്ടിലെ സ്ത്രീകൾക്കൊപ്പം സഹോദരനായി താൻ കൂടെയുണ്ടാകുമെന്നും വിജയ് കത്തിൽ പറയുന്നു.
എന്ത് സാഹചര്യം വന്നാലും അവരെ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഒന്നിലും വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സുരക്ഷിതമായ തമിഴ്നാട് സൃഷ്ടിക്കും. നമ്മൾ ഒരുമിച്ച് അത് ഉടൻ ഉറപ്പാക്കും – വിജയുടെ കത്തിൽ പറയുന്നു . തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിൽ ഡിഎം കെ സർക്കാരിനെതിരെ വിമർശനവുമുണ്ട്.
അതേസമയം പീഡനത്തെ കുറിച്ച് അന്വേഷിക്കാൻ ദേശീയ വനിതാ കമ്മീഷന് അന്വേഷണ സമിതി ക്യാംപസിലെത്തി. പീഡനത്തിനിരയായ പെണ്‍കുട്ടി, കുടുംബാംഗങ്ങള്‍, സര്‍വകലാശാല അധികൃതര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും .