തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ട് കോടി രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷണം പോയി. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കാണാതായത്. രാജകുടുംബത്തിലെ മുതിർന്ന അംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി നൽകിയ പരാതിയിൽ പേരൂർക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വിലയേറിയ രത്നങ്ങൾ ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുമ്പ് അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ കാണാതായതായി കണ്ടെത്തിയത് . പത്ത് ദിവസം മുമ്പും ആഭരണങ്ങൾ പുറത്തെടുത്തതാണെന്നും പരാതിയിൽ പറയുന്നു. തിരച്ചിലിനുശേഷവും കണ്ടെത്താനാകാത്തതിനാൽ രണ്ട് ദിവസം മുമ്പ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പവിഴവും സ്വർണ്ണവും മുത്തുകളും പതിച്ച അര പവൻ തൂക്കമുള്ള ഒരു സ്വർണ്ണ മാല, മൂന്ന് പവന്റെ പിച്ചിപൂമോട്ടു ഡിസൈനിലുള്ള ഒരു പാദസരം, രണ്ട് പവന്റെ കറുത്ത മുത്തും സ്വർണ്ണവും ചേർന്ന പാദസരം, നാല് പവന്റെ രണ്ട് വളകൾ, മൂന്ന് പവന്റെ രണ്ട് വളകൾ, ചുവന്ന കല്ലുകൾ കൊണ്ടുള്ള രണ്ട് വലിയ കമ്മലുകൾ, രണ്ടര പവന്റെ സ്വർണ്ണ ലോക്കറ്റ്, അഞ്ച് പവന്റെ ഒരു മാല, എട്ട് ലക്ഷം വിലവരുന്ന നാഗപട കമ്മലുകൾ, രണ്ട് പവന്റെ മാട്ടി, ആറ് പവൻ തൂക്കമുള്ള മാണിക്യവും വജ്രവും അടങ്ങിയ രണ്ട് വളകൾ, ഒരു പവന്റെ മാലയിൽ പത്മനാഭസ്വാമിയുടെ ചിത്രം കൊത്തിയെടുത്ത സ്വർണ്ണ ലോക്കറ്റ്, അഞ്ച് പവൻ സ്വർണ്ണ മാല, ഒരു പവന്റെ ഓരോ സ്വർണ്ണ നാണയങ്ങൾ എന്നിവയാണ് മോഷണം പോയ വസ്തുക്കൾ.

