ന്യൂയോർക്ക്: ലോകത്ത് ആകമാനമുള്ള ഉപഭോക്താക്കളെ കുഴപ്പിച്ച് വാട്സാപ്പിന്റെ വെബ് വേർഷൻ വീണ്ടും തകരാറിലായി. സ്വകാര്യ അക്കൗണ്ടുകളെയും ബിസിനസ് അക്കൗണ്ടുകളെയും ഒരേ പോലെ ബാധിച്ച തകരാർ നിമിത്തം സന്ദേശങ്ങൾ അയക്കാനും വിവരങ്ങൾ കൈമാറാനും വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു. സാമൂഹിക മാദ്ധ്യമങ്ങളിൽ ഇതിനെ ചൊല്ലിയുള്ള ആകുലതകൾ നിരവധി പേരാണ് പങ്കുവെക്കുന്നത്.
തകരാറിന്റെ കാരണം വ്യക്തമാക്കി വാട്സാപ്പിന്റെ ഉടമസ്ഥരായ മെറ്റ ഇതുവരെയും പ്രസ്താവനകൾ ഒന്നും തന്നെ ഇറക്കിയിട്ടില്ല. വാട്സാപ്പ് വെബ് ഉപയോഗിക്കുന്ന 57 ശതമാനം ആളുകൾക്കും പ്രശ്നം നേരിട്ടുവെന്നാണ് ഓൺലൈൻ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിലയിരുത്തുന്ന ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്യുന്നത്. ആപ്പ് വേർഷൻ ഉപയോഗിക്കുന്ന 35 ശതമാനം ആളുകൾക്കും പ്രശ്നം നേരിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മെസേജിംഗ് സേവനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വാട്സാപ്പ്, തകരാറിലായത് സാമ്പത്തികമായി ഏറെ ബാധിച്ചിരിക്കുന്നത് ബിസിനസ് അക്കൗണ്ട് ഉപഭോക്താക്കളെയാണ്. സംഭവത്തിൽ അതിവേഗ പരിഹാരവും വ്യക്തമായ വിശദീകരണവും വേണം എന്നാണ് മെറ്റയോട് പലരും ആവശ്യപ്പെടുന്നത്.