തിരുവനന്തപുരം : സ്കൂട്ടർ ഓടിച്ചു വന്ന പതിനാറ് വയസ്സുകാരൻ ചെന്നു പെട്ടത് പോലീസിന്റെ മുന്നിൽ . വർക്കല പാളയം കുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു വരുകയായിരുന്ന കുട്ടി, വാഹന പരിശോധനയ്ക്കിടയിലാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ പോലീസ് കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയും , പിന്നീട്
അമ്മയാണ് വാഹനം ഓടിക്കാൻ അനുമതി നൽകിയതെന്നും കണ്ടെത്തുകയായിരുന്നു.
തുടർന്ന് വർക്കല പാളയംകുന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയ്ക്കെതിരെ ആയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 50000 രൂപ പിഴയോ, ഒരു വർഷം തടവു ശിക്ഷയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചായോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇതെന്ന് പോലീസ് അറിയിച്ചു.
സമാനമായ മറ്റൊരു സംഭവത്തിൽ, നിർത്തിയിട്ടിരുന്ന കാർ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടികൾ ഓടിച്ച് മതിലിൽ ഇടിച്ചു നിർത്തിയതിന്റെ വീഡിയോയും ഞെട്ടലോടെയാണ് നാട് നോക്കിക്കണ്ടത്. സംസ്ഥാനവ്യാപകമായി വാഹനാപകടങ്ങൾ വർദ്ധിക്കുകയും കുട്ടികൾ ഉൾപ്പെടെ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലും ഇത്തരത്തിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് പൊതുജനാഭിപ്രായം ഉയരുകയാണ്.