റബാത്ത്: രക്തത്തിൽ കുളിച്ച് പിടയുന്നവ, പ്രാണവേദനയിൽ അലറി വിളിക്കുന്നവ, ഇടുങ്ങിയ കൂടുകളിൽ ശ്വാസം മുട്ടി പിടയുന്നവ, തെരുവ് നായ്ക്കളുടെ നരകയാതനകളുടെ കഥകളാണ് മൊറോക്കോയിൽ നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. 2030ൽ സ്പെയിനിലും പോർച്ചുഗലിലുമായി നടക്കുന്ന ഫിഫ ലോകകപ്പിലെ ഏതാനും ചില മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ചതിന്റെ പേരിലാണ് രക്തം മരവിക്കുന്ന ഈ ക്രൂരതകൾ മൊറോക്കോയിൽ അരങ്ങേറുന്നത്. എന്തിന്റെ പേരിലായാലും ശരി, മിണ്ടാപ്രാണികൾക്ക് എതിരെ നടക്കുന്ന ഈ കൊടുംക്രൂരതയ്ക്കെതിരെ ആഗോള തലത്തിൽ പ്രതിഷേധങ്ങൾ ഉയരുകയാണ്.
മൊറോക്കോയുടെ നികൃഷ്ടരഹസ്യം എന്ന പേരിൽ ആഗോള മൃഗസംരക്ഷക സംഘടനകൾ പുറത്തു വിടുന്ന വീഡിയോകൾ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് ഡെയ്ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്യുന്നു. സംഭവം വിവാദമായതോടെ ഫിഫയുടെ ഇടപെടൽ 2024ൽ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് കൂട്ടക്കൊലകൾ അവസാനിപ്പിച്ചതായി മൊറോക്കോ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴും നായ്ക്കുരുതികൾ നിർബാധം തുടരുകയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നായ്ക്കളുടെ ശരീരത്തിലേക്ക് വിഷം കുത്തിവെച്ചും ഭക്ഷണത്തിൽ കലർത്തി നൽകിയുമാണ് പ്രധാനമായും കൊലപ്പെടുത്തുന്നത്.
കൂടാതെ, തെരുവുകളിൽ റോന്ത് ചുറ്റുന്ന സുരക്ഷാ ജീവനക്കാർ കണ്ണിൽ കാണുന്ന നായ്ക്കളുടെ നേർക്ക് എയർ ഗണ്ണുകൾ ഉപയോഗിച്ച് നിർദ്ദയം നിറയൊഴിക്കുകയാണ്. വെടിയേറ്റ് മരിക്കുന്ന നായകളേക്കാൾ കൂടുതലാണ് മാരകമായ മുറിവേറ്റ് നരകയാതന അനുഭവിച്ച് പിടയുന്ന നായ്ക്കളുടെ എണ്ണമെന്ന് ഇന്റർനാഷണൽ ആനിമൽ വെൽഫെയർ ആൻഡ് പ്രൊട്ടക്ഷൻ കൊയലേഷൻ പുറത്ത് വിടുന്ന വീഡിയോകളിൽ വ്യക്തമാകുന്നു.
ഇതിന് പുറമേ, സംഘമായി വാഹനങ്ങളിൽ എത്തുന്ന നായ പിടുത്തക്കാർ നായ്ക്കളെ കെണിവെച്ച് പിടിച്ച് തലകീഴായി കെട്ടിത്തൂക്കി പരസ്യമായി കഴുത്തറുത്തും തല നിലത്തടിച്ചും കൊല്ലുന്നു. പരിഷ്കൃത സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത നിന്ദ്യവും നിഷ്ഠൂരവുമായി പ്രവൃത്തി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്.
സംഭവത്തിൽ കർശനമായി നടപടി ആവശ്യമാണെന്നും, സാധ്യമെങ്കിൽ മൊറോക്കോയുടെ ലോകകപ്പ് ആതിഥേയ പദവി റദ്ദ് ചെയ്യണമെന്നും ഇന്റർനാഷണൽ ആനിമൽ വെൽഫെയർ ആൻഡ് പ്രൊട്ടക്ഷൻ കൊയലേഷൻ ഫിഫയോട് ആവശ്യപ്പെടുന്നു. വിഷയത്തിൽ സത്വര ശ്രദ്ധ പതിപ്പിക്കണമെന്നും മൃഗസ്നേഹികളായ ഫുട്ബോൾ ആരാധകർ മൊറോക്കോയെ ബഹിഷ്കരിക്കണമെന്നും സംഘടന ആഹ്വാനം ചെയ്യുന്നു.
നായ്ക്കളെ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ പ്രാണവേദന അനുഭവിപ്പിച്ച്, അന്നനാളം മുതൽ മലദ്വാരം വരെ കീറിമുറിച്ച് കൊല്ലുന്ന, കൊടിയ വിഷപ്രയോഗത്തിന്റെ വീഡിയോകളും അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാക്സിനേഷൻ ചെയ്ത് വീടുകളിൽ വളർത്തുന്ന നായ്ക്കളെ പോലും വെറുതെ വിടുന്നില്ല. കുട്ടികളുടെ മുന്നിൽ വെച്ച് തങ്ങളുടെ ഓമന മൃഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുന്നത് അവർക്ക് കടുത്ത മാനസികാഘാതം നൽകുമെന്ന് മനോരോഗ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. നായ്ക്കളുടെ എണ്ണം കുറയ്ക്കുക എന്നതിലപ്പുറം, സമ്പൂർണ്ണ വംശനാശമാണ് മൊറോക്കൻ സർക്കാർ ലക്ഷ്യമിടുന്നതെന്നും ആരോപണങ്ങൾ ഉയരുന്നു.