ഖാർതൂം: സൈന്യവും വിമതരും തമ്മിൽ 20 മാസമായി ശക്തമായ ഏറ്റുമുട്ടൽ നടക്കുന്ന സുഡാനിൽ തിങ്കളാഴ്ച മാത്രം കൊല്ലപ്പെട്ടത് നൂറ്റി ഇരുപതിലധികം പേരെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ അധികവും സാധാരണക്കാരാണ്. ബാരൽ ബോംബ് സ്ഫോടനങ്ങൾക്കൊപ്പം ഷെല്ലാക്രമണവും രൂക്ഷമായതാണ് സ്ഥിതി വഷളാക്കിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ പകുതിയോളം പ്രദേശം നിലവിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്ന സായുധ വിമത സംഘത്തിന്റെ നിയന്ത്രണത്തിലാണ്. കൂടുതൽ ഗ്രാമങ്ങളിലേക്ക് സംഘം സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനെ സൈന്യം ചെറുക്കാൻ ശ്രമിക്കുകയാണ്. വ്യോമാക്രമണങ്ങളും രൂക്ഷമായതോടെ കടുത്ത ആൾനാശമാണ് പ്രതിദിനം സുഡാനിൽ സംഭവിക്കുന്നത്.
ഉത്തര ഡാർഫറിലെ കബ്കബീയ പട്ടണത്തിലെ ചന്തയിൽ തിങ്കളാഴ്ച എട്ട് ബാരൽ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള അൽ ഫാഷിറിൽ നിലയുറപ്പിക്കാനാണ് സൈന്യം തീവ്രമായി പരിശ്രമിക്കുന്നത്. നിലവിൽ ഉത്തര ഡാർഫറിൽ സൈന്യത്തിന് പേരിനെങ്കിലും സ്വാധീനമുള്ളത് തലസ്ഥാനമായ അൽ ഫാഷിറിൽ മാത്രമാണ്.
ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്ന ദൃശ്യങ്ങൾ മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ടിരുന്നു. ഭയചകിതരായ ആളുകൾ കരയുന്നതിന്റെയും പ്രാർത്ഥിക്കുന്നതിന്റെയും ദൃശ്യങ്ങൾക്കൊപ്പം, സായുധരായ വിമതർ മോട്ടോർ സൈക്കിളുകളിൽ റോന്ത് ചുറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
കൊല്ലപ്പെട്ടവരിൽ 87 പേരുടെ മൃതശരീരങ്ങൾ മാത്രമാണ് തിരിച്ചറിയാൻ സാധിച്ചിട്ടുള്ളത്. മറ്റുള്ളവ ഛിന്നഭിന്നമായിരുന്നു. രാജ്യതലസ്ഥാനമായ ഖാർതൂമിന്റെ ഭാഗമായ ഓംഡുർമാനിൽ കഴിഞ്ഞ ദിവസം സൈന്യത്തിന് നേരെ രൂക്ഷമായ ആക്രമണമാണ് ആർ എസ് എഫ് അഴിച്ചുവിട്ടത്.
യാത്രക്കാരുമായി പോയ ഒരു ബസിന് നേർക്ക് നടന്ന വെടിവെപ്പിൽ 65 പേർ കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം സുഡാനിൽ ഏറ്റുമുട്ടൽ ആരംഭിച്ചതിന് ശേഷം ഇതുവരെ 12 മില്ല്യൺ ആൾക്കാർ രാജ്യം വിട്ട് പോയി. 30 മില്ല്യണിലധികം ജനങ്ങൾ അടിയന്തിര സഹായം ആവശ്യമുള്ളവരാണ്. രാജ്യം കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്നും റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.