കൊല്ലം ; റോഡ് നിയമലംഘനങ്ങൾക്ക് പിഴ അടപ്പിക്കാൻ ഓടി നടക്കുന്ന മോട്ടോർ വാഹന വകുപ്പിനെ കൊണ്ട് പിഴ അടപ്പിച്ച് യുവാവ് . പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ നിരത്തിലിറങ്ങിയ സർക്കാർ വാഹനത്തിനാണ് റോഡിൽ തടഞ്ഞു നിർത്തി ഉദ്യോഗസ്ഥരെ കൊണ്ട് പിഴ അടപ്പിച്ചത് .
കൊല്ലം ആയൂർ ജംഗ്ഷനിലാണ് സംഭവം . വാഹന പരിശോധന നടത്തുന്ന എം വി ഡി ഉദ്യോഗസ്ഥരെ കണ്ട് സമീപത്തെ കടയിലെ ജീവനക്കാരൻ പരിവാഹൻ സൈറ്റിൽ കയറി എം വിഡിയുടെ വാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടോയെന്ന് പരിശോധിച്ചു. ജനുവരി 25 ന് കാലാവധി കഴിഞ്ഞ വാഹനവുമായാണ് എം വി ഡി എത്തിയെന്നത് മനസിലാക്കിയ യുവാവ് വാഹനത്തിനടുത്തെത്തി ഉദ്യോഗസ്ഥരോട് പിഴ അടക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം തനിക്കു പിഴയീടാക്കിയതാണെന്നും നിയമലംഘനത്തിനു ശിക്ഷ എല്ലാവർക്കും ഒരുപോലെയാണെന്നും യുവാവ് വാദിച്ചു. പെട്ടു പോയ ഉദ്യോഗസ്ഥർ തുടർന്ന് തങ്ങളൂടേ വാഹനത്തിന് 2000 രൂപ പിഴ അടച്ച് ചെലാൻ യുവാവിനെ കാട്ടിയ ശേഷമാണ് മടങ്ങിയത് . അതേസമയം എം വിഡിയുടെ വാഹനത്തിനെതിരെ കുറ്റമൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ കാണിക്കുന്നത് . അതുകൊണ്ട് തന്നെ പിഴ അടക്കേണ്ടതില്ല . വാഹനത്തിനു അടുത്ത ഫെബ്രുവരി 20 വരെ പുക പരിശോധന സർട്ടിഫിക്കറ്റുമുണ്ട്. യുവാവിന്റെ മുൻപിൽ പിഴ ഇട്ടെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് സൈറ്റിൽ അപ്ലോഡ് ചെയ്തു പിഴ ഒഴിവാക്കുകയായിരുന്നു.