കൊളംബിയയിലെ സെറനിയ ഡി ല മകറീന മലനിരകളിൽ പ്രകൃതി ഒരുക്കിയിരുക്കുന്ന വിസ്മയക്കാഴ്ച്ചയാണ് ബഹുവർണങ്ങളിൽ ശാന്തമായി ഒഴുകുന്ന നദി. അഞ്ച് നിറങ്ങളണിഞ്ഞ കാനോ ക്രിസ്റ്റൽ എന്ന നദി ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ നദിയാണ് അറിയപ്പെടുന്നത് . മഞ്ഞ , പച്ച, നീല , ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിലാണ് ഈ നദി ഒഴുകുന്നത്.
ജൂലൈ മുതൽ നവംബർ വരെ നദിയുടെ അടിത്തട്ടിൽ തളിക്കുന്ന മകറീന ക്ലാവിഗേര എന്ന ജലസസ്യമാണ് ഈ വിസ്മയക്കാഴ്ച്ചയ്ക്ക് പിന്നിൽ . കടും ചുവപ്പ് നിറമുള്ള ഈ സസ്യം സൂര്യപ്രകാശത്തിന്റെ വ്യതിയാനത്തിനനുസരിച്ച് മജന്ത, പർപ്പിൾ തുടങ്ങി ചുവപ്പിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് മാറും. മഞ്ഞ നിറത്തിലും, പച്ചനിറത്തിലുമുള്ള നദീതടത്തിലെ മണൽത്തരികളും നീലത്തിറത്തിലുള്ള തെളിനീരും കൂടിച്ചേരുമ്പോൾ വർണ്ണങ്ങൾ ഇടകലർന്നൊഴുകുന്ന പ്രതീതിയാണ് കാനോ ക്രിസ്റ്റൽ സമ്മാനിക്കുന്നത്.
പഞ്ചവർണ്ണങ്ങളുടെ നദി എന്നും, ജലരൂപത്തിലുള്ള മഴവില്ല് എന്നും കാനോ ക്രിസ്റ്റലിന് പേരുണ്ട്. ചെറുതും, വലുതുമായ അനേകം വെള്ളച്ചാട്ടങ്ങൾ കൊണ്ട് സമ്പന്നമാണ് കാനോ ക്രിസ്റ്റൽ . ഇതിനു പുറമേ നദിയിലെ പാറക്കൂട്ടങ്ങളിൽ ചെറു കുളങ്ങളുമുണ്ട്. നദിയുടെ അടിത്തട്ട് വരെ കാണാൻ ആകുന്ന തെളിനീരാണ് കാനോ ക്രിസ്റ്റലിലേത് . എന്നാൽ ജലജീവികൾ ഒന്നും ഇതിൽ ഇല്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത .നദിയിലെ പാറക്കൂട്ടങ്ങളിലും നദീതടത്തിലും ജലജീവികൾക്ക് ആവശ്യമായ ധാതുക്കളില്ലാത്തതിനാലാണിത്.