മുംബൈ : മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ ശരദ്പവാറിനും , എൻ സിപിയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര കോൺഗ്രസ് . എൻ സി പിയെ അധികാരക്കൊതിയുള്ള പാർട്ടിയെന്നാണ് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് വിജയ് വഡെട്ടിവാർ വിശേഷിപ്പിച്ചത്. ഈ വർഷം ആദ്യം നടന്ന രാജ്യ സഭാ തെരഞ്ഞെടുപ്പിൽ ശരദ്പവാറിന് കോൺഗ്രസ് നൽകിയ പിന്തുണ മറക്കരുതെന്നും വിജയ് വഡെട്ടിവാർ പറഞ്ഞു.
‘ ശരദ്പവാറിന് ആളുകളെ പിന്നിൽ നിന്ന് കുത്തുന്ന ചരിത്രമാണുള്ളത് . വെള്ളത്തിൽ നിന്ന് കരയ്ക്കിട്ട മത്സ്യത്തെ പോലെയാണ് അദ്ദേഹം . അദ്ദേഹത്തിന് വ്യക്തമായ ഒരു പ്രത്യയശാസ്ത്രവുമില്ല. ഞങ്ങൾ പവാറിനെ രാജ്യസഭയിലേയ്ക്ക് അയച്ചു. പക്ഷെ ഇന്ന് അദ്ദേഹം ജനാധിപത്യം തകർക്കാൻ നിന്നവർക്കൊപ്പം നിൽക്കുന്നു. പവാറിന്റെ പാർട്ടി ചെയ്തത് അങ്ങേയറ്റം ദൗർഭാഗ്യകരവും തെറ്റായതുമായ കാര്യമാണ്,” വിജയ് വഡെട്ടിവാർ എക്സിൽ പങ്ക് വച്ച കുറിപ്പിൽ പറഞ്ഞു.
85 കാരനായിരുന്ന ശരദ് പവാറിനെ രാജ്യസഭയിലേയ്ക്ക് വീണ്ടും തെരഞ്ഞെടുക്കാൻ സഹായിക്കുന്നതിനായി തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന രാജ്യസഭാ സീറ്റാണ് കോൺഗ്രസ് വിട്ടു നൽകിയത്. അന്ന് തന്റെ പിതാവിന് പിന്തുണ തേടി സുപ്രിയ സുലെ തന്നെ നേരിട്ടെത്തി മുതിർന്ന കോൺഗ്രസ് നേതാക്കളെ കണ്ടിരുന്നുവെന്നും വിജയ് വട്ടെഡിവാർ പറഞ്ഞു.
‘ അന്ന് സുപ്രിയ ആവശ്യപ്പെട്ട സഹായം നൽകാൻ രാഹുൽ ഗാന്ധിയും, മല്ലികാർജുൻ ഖാർഗെയും സമ്മതിച്ചു. കോൺഗ്രസ് തങ്ങളുടെ സീറ്റിനായുള്ള അവകാശവാദം ഉപേക്ഷിച്ച് പവാറിനെ പിന്തുണച്ചു. തുടർന്ന് ശിവസേനയും അദ്ദേഹത്തിന് പിന്തുണ നൽകി . അങ്ങനെ മഹാ വികാസ് അഘാഡി അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഏകകണ്ഠമായി അംഗീകരിച്ചു. എന്നിട്ടിപ്പോൾ എന്ത് സംഭവിച്ചു ?മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ അതേ ശരദ് പവാറും സുപ്രിയയും ബിജെപിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു ‘ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

