ലക്നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പരാജയപ്പെടുത്തുകയായിരിക്കണം കോൺഗ്രസ് പ്രവർത്തകരുടെ ലക്ഷ്യമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് നേതാക്കൾ ഉള്ളിൽ അഹങ്കാരം വച്ച് പുലർത്തരുതെന്നും, സഖ്യത്തിനുള്ളിൽ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
ഇന്ന് ഉത്തർപ്രദേശ് കോൺഗ്രസ് സംഘടിപ്പിച്ച ഭരണഘടനാ ദിനാചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖാർഗെ. ‘ ഉൾപ്പോര് നമ്മളെ വിജയത്തിൽ നിന്ന് തടയും. നമ്മൾ സ്വന്തം ആളുകളോടല്ല , മറിച്ച് ബാഹ്യ ശക്തികളോട് വേണം പോരാടാൻ. കോൺഗ്രസ് ഭരണഘടന പ്രകാരം എല്ലാ പൗരന്മാർക്കും വോട്ടവകാശം ഉറപ്പ് നൽകിയപ്പോൾ ബിജെപി അത് എടുത്തു കളയാൻ ശ്രമിക്കുകയാണ്.
ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസും , സമാജ്വാദി പാർട്ടിയും സഖ്യം രൂപീകരിച്ചു. പക്ഷെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപിയും ഗ്യാനേഷ് കുമാറും സഖ്യത്തിലായി . ഇന്ന് ബിജെപി ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെങ്കിൽ അത് രാഹുൽ ഗാന്ധിയെയാണ് . രാഹുൽ ബിജെപി വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ‘ എന്നും ഖാർഗെ പറഞ്ഞു.
അതേസമയം സ്വന്തം നിലയിൽ സമാജ്വാദി പാർട്ടി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയതിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസിൽ ഉയരുന്നത്. സഖ്യത്തെ പ്രതിനിധീകരിച്ചാണ് പ്രകടന പത്രിക ഇറക്കിയിരുന്നതെങ്കിൽ അത് സംയുക്തമായാണ് പുറത്തിറക്കേണ്ടിയിരുന്നതെന്ന് യുപി കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന രാജേന്ദ്ര പാൽ ഗൗതം പറഞ്ഞു.
ഇരു പാർട്ടികളും തമ്മിൽ സീറ്റുകളുടെ കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കാൻ എന്തിനായിരുന്നു ഈ ധൃതിയെന്നും രാജേന്ദ്ര പാൽ ഗൗതം ചോദിച്ചു.

