ന്യൂഡൽഹി : പാകിസ്ഥാനിൽ നിന്നുള്ള വിനോദ പരിപാടികൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യരുതെന്ന് നെറ്റ് ഫ്ലിക്സിന് ശക്തമായ താക്കീത് നൽകി കേന്ദ്ര സർക്കാർ . നെറ്റ്ഫ്ലിക്സിന്റെ ആദ്യ പാകിസ്ഥാനി വെബ് സീരീസായ ‘ജോ ബച്ചേ ഹേൻ സംഗ് സമൈത് ലോ’ ഡിസംബർ 4 ന് ആഗോള തലത്തിൽ റിലീസ് ചെയ്യാനിരിക്കെയാണ് നെറ്റ് ഫ്ലിക്സിന് സർക്കാർ മുന്നറിയിപ്പ് നൽകിയത്.
പാകിസ്ഥാനിൽ നിന്നുള്ള പരമ്പരകളൊന്നും ഇന്ത്യയിൽ വരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും വാർത്താവിതരണ മന്ത്രാലയം നെറ്റ് ഫ്ലിക്സിനോട് ആവശ്യപ്പെട്ടു. പാക് വെബ് സീരീസ് ഇന്ത്യയിലും റിലീസ് ചെയ്തേക്കാമെന്നും തടയണമെന്നും ആവശ്യപ്പെട്ട് പരാതികൾ ലഭിച്ചതിനു പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. പാകിസ്ഥാനിൽ നിർമ്മിച്ച ഉള്ളടക്കങ്ങൾ ഇന്ത്യയിൽ പ്രദർശിപ്പിക്കരുതെന്ന് നിർദേശിക്കുന്ന 2025 മെയ് 8 ലെ നിർദേശം പാലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പഹൽഗാം ആക്രമണത്തിന് പിന്നാലെയാണ് സർക്കാർ ഇത്തരത്തിൽ പാക് സീരിസുകൾക്കടക്കം വിലക്ക് ഏർപ്പെടുത്തിയത്.
ഇന്ത്യയുടെ അഖണ്ഡത, പരമാധികാരം, സുരക്ഷ എന്നിവയെ ബാധിച്ചേക്കാവുന്ന ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഒടിടി പ്ലാറ്റ് ഫോമുകൾ അതീവ ജാഗ്രത പാലിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. പാകിസ്ഥാനി പരമ്പരയുടെ കാര്യത്തിൽ ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷനും നെറ്റ് ഫ്ലിക്സിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിലീസിന് മുൻപായി ഇന്ത്യയിലെ കാറ്റലോഗിൽ നിന്ന് പാക് സീരീസ് ഒഴിവാക്കണമെന്നും, ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നുമാണ് സംഘടന പറയുന്നത്.
.

