ന്യൂഡൽഹി : ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെയും, ഷർജിൽ ഇമാമിന്റെയും ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യം അനുവദിക്കുന്നതിന് മുൻപ് പൊലീസിന്റെ ഭാഗം വ്യക്തമായി കേൾക്കണമെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഉമർ ഖാലിദും, ഷർജിൽ ഇമാമും സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വാദം കേൾക്കുന്നതു വരെ ഇരു കക്ഷികൾക്കും ഇടക്കാല ജാമ്യം നൽകണമെന്നായിരുന്നു മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഡൽഹി പൊലീസിന്റെ പ്രതികരണം അറിയാതെ ഇക്കാര്യത്തിൽ ഉത്തരവിറക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഉമർ ഖാലിദ് ആറ് വർഷത്തിലേറെയായി കസ്റ്റഡിയിലാണെന്നാണ് കപിൽ സിബൽ കോടതിയിൽ വാദിച്ചത്,. സമാനമായ വാദമാണ് ഷർജീൽ ഇമാമിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദവേയും ഉന്നയിച്ചത് .
കീഴ്ക്കോടതിയിൽ വിചാരണ വൈകുന്നതിന്റെ പേരിലാണ് ഇരുവരും ജാമ്യം തേടുന്നതെന്നാണ് അഭിഭാഷകർ കോടതിയെ അറിയിച്ചത് . തസ്ലിം അഹമ്മദ് കേസിലെ സഹപ്രതികൾക്ക് ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ തന്നെ ഇടക്കാല ജാമ്യം കോടതി അനുവദിച്ചിരുന്നുവെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. എങ്കിലും ഇന്ന് ജാമ്യം നൽകാനാകില്ലെന്നും, ആദ്യം പൊലീസ് വിശദീകരണം വരട്ടെയെന്നുമാണ് ജസ്റ്റിസ് ബാഗ്ചി പ്രതികരിച്ചത്.
ജൂലൈ 4 ന്, ഉമർ ഖാലിദിന്റെയും സഹപ്രതി ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ വിചാരണ കോടതി തള്ളിക്കളഞ്ഞിരുന്നു. യുഎപിഎ കേസുകളിൽ നീണ്ടുനിൽക്കുന്ന വിചാരണയുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കുന്നത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതായതിനാൽ ഈ നിയമപരമായ തർക്കത്തിൽ അന്തിമ തീരുമാനത്തിലെത്തുന്നതുവരെ കോടതിക്ക് ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും വിചാരണക്കോടതി പറഞ്ഞിരുന്നു.
2020-ൽ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധത്തിനിടെ ഗൂഢാലോചന നടത്തിയെന്നാണ് ഉമർ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇത് ഡൽഹി കലാപത്തിലേക്ക് നയിച്ചു. കലാപത്തിൽ 15 ഹിന്ദുക്കൾ ഉൾപ്പെടെ അമ്പത്തിമൂന്ന് പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സർക്കാരിനെ അസ്ഥിരപ്പെടുത്താനും സാമ്പത്തിക നാശനഷ്ടങ്ങൾ വരുത്താനും ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണിതെന്ന് പോലീസ് പറഞ്ഞിരുന്നു.
താഹിർ ഹുസൈൻ, ഖാലിദ് സൈഫി, ഇസ്രത്ത് ജഹാൻ, മീരാൻ ഹൈദർ, ഗൾഫിഷ ഫാത്തിമ, ഷിഫാ-ഉർ-റഹ്മാൻ, ആസിഫ് ഇഖ്ബാൽ തൻഹ, നതാഷ നർവാൾ, സഫൂറ സർഗാർ എന്നിവരും ഈ കേസിൽ പ്രതികളാണ്.

